d

ന്യൂഡൽഹി: പാകിസ്ഥാനുമായി സിന്ധു നദീ കരാറിൽ ഒപ്പിട്ടതിലൂടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു രണ്ടു തവണ രാജ്യത്തെ വിഭജിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ എൻ‌.ഡി‌.എ പാർലമെന്ററി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഡ്ക്ലിഫ് രേഖയിലൂടെ ഇന്ത്യയും പാകിസ്ഥാനുമായുള്ള അതിർത്തിയുണ്ടാക്കിയും സിന്ധു ജല ഉടമ്പടി പ്രകാരം 80 ശതമാനം വെള്ളം വിട്ടുകൊടുത്തും നെഹ്‌റു ഇന്ത്യയെ രണ്ടു തവണ വിഭജിച്ചെന്ന് മോദി ചൂണ്ടിക്കാട്ടി. സിന്ധു നദീ കരാറിലൂടെ രാജ്യത്തെ ജലത്തിന്റെ ഭൂരിഭാഗവും അയൽ രാജ്യത്തിന് വിട്ടുകൊടുത്തെന്ന തെറ്റ് പിന്നീട് അദ്ദേഹം സമ്മതിച്ചു. കരാർ ഇന്ത്യൻ കർഷകരെ വഞ്ചിച്ച നടപടി ആയിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.

ജൂലായ് 29ന് പാർലമെന്റിലെ പ്രസംഗത്തിലും സിന്ധു നദീ കരാറിന്റെ പേരിൽ നെഹ്‌റുവിനെ പ്രധാനമന്ത്രി മോദി വിമർശിച്ചിരുന്നു.

ആരോപണം കൈ

കഴുകലെന്ന് പ്രിയങ്ക

ഉത്തരവാദിത്വങ്ങളിൽ നിന്ന് കൈ കഴുകാനാണ് നെഹ്‌റുവിനെതിരായ ആരോപണമെന്ന് പ്രധാനമന്ത്രി മോദിയുടെ വിമർശനത്തിന് മറുപടിയുമായി പ്രിയങ്കാ ഗാന്ധി. 11 വർഷമായി കേന്ദ്രം ഭരിക്കുന്ന പ്രധാനമന്ത്രി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനാണ് നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നത്. ഭൂതകാലത്തെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിച്ച് ഭാവിയെക്കുറിച്ച് പയറണം. ബീഹാറിലെ എസ്‌.ഐ.ആർ എന്തിനു വേണ്ടിയെന്ന് ഉത്തരം നൽകണം,വോട്ട് മോഷണ വിഷയത്തെക്കുറിച്ച് സംസാരിക്കണം-പ്രിയങ്ക ആവശ്യപ്പെട്ടു.