ന്യൂഡൽഹി: യു.എസിലേക്കുള്ള തപാൽ സേവനങ്ങൾ നിറുത്തിവയ്‌ക്കാൻ പോസ്റ്റൽ വകുപ്പ് തീരുമാനിച്ചു. നാളെ മുതൽ പ്രാബല്യത്തിൽ വരും. ട്രംപ് ഭരണകൂടം യു.എസ് കസ്റ്റംസ് ഡ്യൂട്ടി ചട്ടങ്ങളിൽ മാറ്റം വരുത്തിയതിനെ തുടർന്നാണിത് . ഈ മാസം 29 മുതൽ യു.എസിലേക്ക് അയക്കുന്ന എല്ലാ തപാൽ ഉരുപ്പടികൾക്കും അവയുടെ മൂല്യം പരിഗണിക്കാതെ, കസ്റ്റംസ് തീരുവ ചുമത്താൻ യു.എസ് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാഴ്‌സൽ സേവനങ്ങൾ തത്കാലത്തേക്ക് നിറുത്തിവയ്ക്കുന്നതെന്ന് തപാൽ വകുപ്പ് അറിയിച്ചു. കത്തുകൾ, രേഖകൾ, 100 യു.എസ് ഡോളർ വരെ വിലയുള്ള സമ്മാനങ്ങൾ എന്നിവ അയയ്ക്കാം. നാളെ മുതൽ യു.എസിലേക്ക് സാധനങ്ങൾ അയക്കുന്നതിനുള്ള ബുക്കിംഗും നിർത്തിവച്ചു. ബുക്ക് ചെയ്തിട്ടും അയയ്ക്കാൻ കഴിയാത്ത ഇടപാടുകളിൽ ഉപഭോക്താവിന് പണം തിരിച്ചുനൽകുമെന്ന് തപാൽ വകുപ്പ് അറിയിച്ചു.