ന്യൂഡൽഹി: വോട്ടുക്കൊള്ള ആരോപിച്ച് ബീഹാറിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'വോട്ടർ അധികാർ യാത്രയിൽ' പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ച് സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ദർഭംഗയിലെ റാലിയിലാണ് കോൺഗ്രസ് പ്രവർത്തകർ മോശം വാക്പ്രയോഗം നടത്തിയത്. ആ സമയത്ത് നേതാക്കളാരും വേദിയിലുണ്ടായിരുന്നില്ല. രാഹുലും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും എല്ലാ പരിധിയും കടന്നുവെന്നും, മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ബി,ജെ.പി രംഗത്തെത്തി. അതേസമയം, വോട്ടുകൊള്ളയിൽ മോദിക്കും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് രാഹുൽ പറഞ്ഞു. യാത്ര ഇന്ന് 13ാം ദിവസത്തിലേക്ക് കടക്കുകയാണ്. വൻ പദയാത്രയോടെ സെപ്‌തംബർ ഒന്നിന് പാട്നയിൽ യാത്ര സമാപിക്കും.