കളമശേരി: ഏലൂർ കുഴിക്കണ്ടം പട്ടികജാതി - വർഗ കോളനി നിവാസികളുടെ ജീവിതം നരകതുല്യമായിട്ട് കാലങ്ങളേറെയാകുന്നു. മഴ പെയ്താൽ ചോർന്നൊലിക്കുന്ന തീപ്പെട്ടിക്കൂട് പോലുള്ള വീടുകളിലാണ് ഇവരുടെ താമസം. ഏതു സമയത്തും തകർന്നു നിലം പതിക്കാവുന്ന അവസ്ഥയിലാണ് ഈ കോൺക്രീറ്റ് കൂരകൾ. സൂക്ഷിച്ചില്ലെങ്കിൽ മേൽ ചുവരിലെ സിമന്റ് കട്ടകൾ അടർന്ന് തലയിൽ പതിക്കും. കഴിഞ്ഞ ഞായറാഴ്ച രാത്രി ബ്ളായി പറമ്പിൽ വള്ളിക്കുട്ടി (65) ചോർച്ച മൂലം വീടിനകത്ത് തളം കെട്ടിക്കിടന്ന വെള്ളത്തിൽ തെന്നി തലയടിച്ച് വീണു. മൂന്നു തുന്നൽ ഇടേണ്ടി വന്നു. മേക്കര പറമ്പിൽ വേലായുധനും കുടുംബവും വീടിന്റെ ചോർച്ചയും ബലക്ഷയവും കാരണം തൊട്ടടുത്ത വനിത ക്ലസ്റ്ററിലേക്ക് താമസം മാറ്റി. വേലായുധന്റെ വീട്ടിൽ നിന്ന് അത്യാവശ്യം എന്തെങ്കിലും എടുക്കണമെങ്കിൽ പിൻവാതിൽ വഴി പ്രവേശിക്കണം. മുൻവാതിൽ തുറന്നാൽ കോൺക്രീറ്റ് പാളികൾ തലയിൽ വീഴുമെന്ന് വീട്ടമ്മ സോജ പറയുന്നു. കുടുംബശ്രീ പോലുള്ള സംഘടനകളുടെ മീറ്റിംഗ് നടത്തേണ്ടി വന്നാൽ ക്ലസ്റ്റർ ഒഴിഞ്ഞു കൊടുക്കുകയും വേണം.
ഇവിടെ താമസിക്കുന്നവർ മിക്കവരും കൂലിപ്പണിക്കാർ.
മാറി താമസിക്കാൻ നിവൃത്തിയില്ലാത്തതിനാൽ മിക്കവരും വീടിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയാണ് മഴയെ പ്രതിരോധിക്കുന്നത്.
ശക്തമായ കാറ്റടിച്ചാൽ കോളനി നിവാസികളുടെചങ്കിടിപ്പ് കൂടും.
വാർഡ് കൗൺസിലർ ഉൾപ്പെടെ അധികൃതരോട് പരാതി പറഞ്ഞിട്ടും പരിഹാരമില്ല.
ഏലൂർ നഗരസഭ എസ്.സി ഫണ്ട് ഉപയാഗിച്ച് നിർമ്മിതി കേന്ദ്രത്തിന്റെ സഹകരണത്തോടെ 550 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച് 2013 ൽ കൈമാറിയതാണ് ഈ വീടുകൾ. ഓരോ കുടുംബവും 20000 രൂപ വീതം അവരുടെ വിഹിതം അടച്ചു. എസ്.ടി വിഭാഗത്തിലെ 2ഉം എസ്.സി വിഭാഗത്തിലെ 70ഉം അടക്കം 72 കുടുംബങ്ങളാണ് താമസം
റെഡിമെയ്ഡ് സെപ്ടിക് ടാങ്കുകൾ നിറഞ്ഞ് ചിലയിടത്ത് പൊട്ടിയൊലിക്കുന്നു.
കോളനിക്ക് ചുറ്റും കാടുമൂടിയതോടെ ഇഴജന്തുക്കളുടെയും കൊതുകിന്റെയും ശല്യം അതിരൂക്ഷം
2019 ൽ വീട് അറ്റകുറ്റപ്പണികൾക്ക് ഒന്നര ലക്ഷം നൽകിയിരുന്നു. 75000 മുൻകൂർ നൽകി. രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴിവാക്കി രണ്ടു മാസത്തിനകം പട്ടയം നൽകും. സർക്കാർ അനുമതി കിട്ടേണ്ട കാലതാമസം മാത്രം. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വേണ്ട നടപടികൾ സ്വീകരിക്കും.
എ.ഡി. സുജിൽ
നഗരസഭാ ചെയർമാൻ