d

കൊച്ചി: അസുഖബാധിതമായ ശരീരഭാഗങ്ങൾ മാറ്റി പകരം വച്ചുപിടിക്കുന്നതിന് അവയവദാതാക്കളെ കാത്തിരിക്കേണ്ട. ഇവ 'ത്രീഡി ബയോ പ്രിന്റിംഗി'ലൂടെ കൃത്രിമമായി നിർമ്മിച്ച് വച്ചുപിടിപ്പിക്കാം. ഇതിനുള്ള പരീക്ഷണങ്ങൾ ഇന്ത്യയിലടക്കം പുരോഗമിക്കുമ്പോൾ അതിന്റെ പ്രധാന ഘടകങ്ങളിലൊന്നായ 'ബയോ ഇങ്ക്" (ജൈവ ദ്രാവകം) നിർമ്മിക്കുന്നത് മലയാളി വനിതയുടെ സ്റ്റാർട്ടപ്പ്.

പാലാ സ്വദേശി ജിക്കു ജോസിന്റെ കളമശേരി കിൻഫ്രയിലെ 'സയർ സയൻസ്" സ്റ്റാർട്ടപ്പാണ് ഇന്ത്യയിൽ ആദ്യമായി ബയോ ഇങ്ക് നിർമ്മിച്ചത്. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച് കൈമാറിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മാണം.

ത്രീഡി പ്രിന്റിംഗിൽ നിർമ്മിച്ച അവയവഭാഗങ്ങൾ എലികളിൽ പരീക്ഷിച്ച് വിജയിച്ചിരുന്നു. ഇത് മനുഷ്യരിൽ പരീക്ഷിക്കാൻ വൈകാതെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. അസുഖബാധിതമായ അവയവഭാഗം നീക്കം ചെയ്യേണ്ട വ്യക്തിയുടെ കോശം ഉൾപ്പെടുത്തിയാണ് വച്ചുപിടിപ്പിക്കേണ്ട അവയവഭാഗം ത്രീഡി പ്രിന്റ് ചെയ്തെടുക്കുന്നത്. ഒരു വസ്തുവിന്റെ ത്രിമാനരൂപം അതുപോലെ സൃഷ്ടിക്കുന്നതിന് സമാനമാണിത്.

ശരീരകോശങ്ങൾ കൂടാതെ ബയോ ഇങ്ക്, ഫോട്ടോ ഇനിഷ്യേറ്റർ, പ്രിസിഷൻ ക്ലീനർ, ദ്രവഘടകങ്ങൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം. ത്രീഡി പ്രിന്റ് ചെയ്ത അവയവഭാഗങ്ങളിൽ കോശങ്ങൾ വളർന്നുതുടങ്ങുന്ന ഘട്ടത്തിലാണ് ശരീരത്തിൽ വച്ചുപിടിപ്പിക്കുക. ബയോഇങ്ക് ശരീരകോശങ്ങളുമായി പെട്ടെന്നു പൊരുത്തപ്പെടും.

അവയവമാറ്റത്തിൽ വിപ്ളവമാകും
 കരൾ, വൃക്ക, ഹൃദയം, പാൻക്രിയാസ്, മസ്തിഷ്‌ക രോഗ ചികിത്സയിൽ നിർണായകമാകും
 അവയവദാതാക്കൾക്കായി കാത്തിരിക്കേണ്ടിവരില്ല. നിയമപരമായ കടമ്പകളില്ല

വിദേശത്തുള്ളതിനേക്കാൾ മെച്ചം

വിദേശത്തു നിർമ്മിക്കുന്ന ബയോ ഇങ്ക് ശീതീകരണിയിൽ സൂക്ഷിക്കണം. സയർ സയൻസിൽ നിർമ്മിക്കുന്ന ഇന്ത്യൻ ഇങ്ക് അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കാം. ബയോപ്രിന്റിംഗിനുള്ള മറ്റു ഘടകങ്ങളും സയർ സയൻസിൽ നിർമ്മിക്കുന്നു. കുസാറ്റിൽ നിന്ന് ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ ജിക്കു ജോസ് 2016ലാണ് സ്റ്റാർട്ടപ്പ് തുടങ്ങിയത്. സ്റ്റാർട്ടപ്പുകൾ വ്യാപകമല്ലാതിരുന്ന കാലത്ത് തുടങ്ങിയ സംരംഭത്തിന് അച്ഛൻ പരേതനായ ജോസ് ജോസഫിനോടും അമ്മ മറിയാമ്മയോടുമാണ് കടപ്പാടെന്ന് ജിക്കു പറയുന്നു.