ആലുവ: എറണാകുളം റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ 15-ാം വാർഷികം ഇന്ന് രാവിലെ എട്ടിന് ആലുവ കീഴ്മാട് മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
നിസ്വാർത്ഥമായ സാമൂഹ്യ സേവനം ജീവിതചര്യയായി കരുതുന്ന പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി റൂറൽ ജില്ലയിൽ 2010 കാലഘട്ടത്തിൽ ആലുവ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ, എളന്തിക്കര ഹൈസ്‌കൂൾ, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് ആദ്യം ആരംഭിച്ചത്. നിലവിൽ 52 സ്‌കൂളുകളിൽ പദ്ധതി വിജയകരമായുണ്ട്.
ഓരോ സ്‌കൂളിലും രണ്ട് കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാർ ഉൾപ്പെടെ 104 പേരും പരേഡ് പരിശീലിപ്പിക്കുന്നതിനായി രണ്ടുപേരടങ്ങുന്ന 104 പേരുമാണ് ഉള്ളത്. അഡീഷണൽ ജില്ലാ പൊലീസ് സൂപ്രണ്ടാണ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ.