virtual

കൊച്ചി: കൊച്ചിയിൽ വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ്. 77കാരനായ മുൻ കോളേജ് പ്രൊഫസർക്ക് നഷ്ടമായത് 1.19 കോടി രൂപ (1,19,55,500). മുംബയ് സൈബർ സെൽ ഉദ്യോഗസ്ഥർ ചമഞ്ഞായിരുന്നു തട്ടിപ്പ്. 10 ദിവസം കരുതൽ തടങ്കലിലാക്കി, വിവിധ ദിവസങ്ങളിലായാണ് പണം കൈക്കലാക്കിയത്. പ്രൊഫസറുടെ പരാതിയിൽ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിജയ് പോൾ, അഭി വിശ്വകർമ്മ, ദീപ് സിംഗ്, സന്തോഷ് എന്നിവരാണ് പ്രതികൾ.

സീൻ 1:

സ്ഥലവില്പനയിലൂടെ ഈ മാസം 20ന് 77കാരന് 60 ലക്ഷം രൂപ ലഭിച്ചിരുന്നു. പിറ്റേന്ന് ആഗോള കൊറിയർ സ‌ർവീസ് കമ്പനിയായ ബ്ലൂ ഡാർട്ട് എക്സ്പ്രസിൽ നിന്നാണെന്ന വ്യാജേനെ പ്രൊഫസർക്ക് ഒരു ഫോൺ വന്നു. ഇദ്ദേഹത്തിന്റെ പേരിൽ മുംബയിൽ നിന്ന് ബാങ്കോക്കിലേക്ക് അയച്ച കൊറിയറിൽ എം.ഡി.എം.എയടക്കമുള്ള ലഹരിവസ്തുക്കൾ കണ്ടെത്തിയെന്നും അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും അറിയിച്ചായിരുന്നു കാൾ. തട്ടിപ്പിന്റെ തുടക്കമായിരുന്നു ഇത്. പിന്നാലെ മുംബയ് സൈബർ പൊലീസിലേക്ക് ഈ കാൾ കണക്ട് ചെയ്തു.

സീൻ2:

സൈബർ സെൽ ഇൻസ്പെക്ടർ വിജയ് പോൾ എന്ന് പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥൻ വെർച്വൽ അറസ്റ്റ് ചെയ്തുവെന്ന് അറിയിച്ചതോടെ പ്രൊഫസർ ഭയന്നു. അനുമതിയില്ലാതെ കാൾ കട്ടാക്കാനോ മറ്റാരുമായും ബന്ധപ്പെടാനോ പാടില്ലെന്നും ഭീഷണിപ്പെടുത്തി. ഇതിനൊപ്പം ചോദ്യംചെയ്യലും തുടങ്ങി. ബാങ്ക് അക്കൗണ്ടിലുള്ള 60 ലക്ഷം ലഹരി ഇടപാടിലൂടെ സമാഹരിച്ചതെന്ന് സ്ഥാപിച്ചായിരുന്നു ചോദ്യംചെയ്യൽ. സ്ഥലക്കച്ചവടത്തിലൂടെ ലഭിച്ചതെന്ന് അറിയിച്ചെങ്കിലും വിശ്വസിച്ചില്ല.

സീൻ3:
പരിശോധനയ്ക്കായി അക്കൗണ്ടിലെ പണം കൈമാറണമെന്നും നടപടിക്ക് ശേഷം തിരികെ നൽകുമെന്നും അറിയിച്ചു. യഥാർത്ഥ സൈബർ പൊലീസെന്ന് വിശ്വസിച്ച് പ്രൊഫസർ അന്ന് 60 ലക്ഷം രൂപയും 23നും 25നും അഭി വിശ്വകർമ്മയുടെ അക്കൗണ്ടിലേക്ക് രാവിലെ 28 ലക്ഷവും വൈകിട്ട് 15 ലക്ഷവും നൽകി. 28ന് ദീപ് സിംഗിന്റെ അക്കൗണ്ടിലേക്ക് 20,000 രൂപയും അതേദിവസം തന്നെ സന്തോഷിന്റെ അക്കൗണ്ടിലേക്ക് 15.85 ലക്ഷവും കൈമാറി.

സീൻ 4:

വീണ്ടും പണം ആവശ്യപ്പെട്ടതോടെ 77കാരൻ സഹോദരനോട് കടം ചോദിച്ചു. 60 ലക്ഷം രൂപ കൈയിലുണ്ടെന്ന് അറിയാവുന്ന സഹോദരൻ പണം എന്തിനെന്ന് ചോദിച്ചെങ്കിലും മറുപടി നൽകിയില്ല. സഹോദരൻ തന്റെ മകനെ 77കാരന്റെ വീട്ടിലേക്ക് അയച്ചെങ്കി​ലും അകത്തു കയറാൻ പ്രൊഫസർ സമ്മതിച്ചില്ല. ബലം പ്രയോഗിച്ച് കടന്നപ്പോഴാണ് വെർച്വൽ അറസ്റ്റിലാണെന്ന് 77കാരൻ അറിയിച്ചത്. തട്ടിപ്പുകാർ വീ‌ഡിയോ കാളിൽ തത്സമയമുണ്ടായിരുന്നു. സഹോദരന്റെ മകനെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. കേസിൽപ്പെടുത്തിക്കോളൂവെന്ന് കടുപ്പിച്ചതോടെ ഇവർ കാൾ കട്ടുചെയ്ത് സ്ഥലംവിട്ടു. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണ് 77കാരൻ പൊലീസിനെ സമീപിച്ചത്. പണം വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.