d
ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ മേൽശാന്തി എൻ.വി. കൃഷ്ണൻ നമ്പൂതിരി( നെല്ലായി തൃശ്ശൂർ

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ചിങ്ങം ഒന്നുമുതൽ ഒരുവർഷത്തേക്കുള്ള മേൽശാന്തിമാരായി ചോറ്റാനിക്കര ക്ഷേത്രത്തിലെ എൻ.വി. കൃഷ്ണൻ നമ്പൂതിരിയേയും (നെല്ലായി തൃശൂർ), സി. എൽ. സതീഷ് നമ്പൂതിരിയേയും (പുതിയേടം, എറണാകുളം) തിരഞ്ഞെടുത്തു. ഇരുവരും ഓരോമാസം ഇടവിട്ട് മേൽശാന്തിമാരായും കീഴ്ശാന്തിമാരായും പുറപ്പെടാശാന്തിമാരായും പ്രവർത്തിക്കും. ശാന്തിമാർ 12ദിവസം ക്ഷേത്രത്തിൽ ഭജനയിരുന്നശേഷം ചുമതല ഏറ്റെടുക്കും.

കീഴ്ക്കാവ്, ശിവക്ഷേത്രം, ശാസ്താക്ഷേത്രം എന്നിവിടങ്ങളിലെ ശാന്തിമാരായി എൻ.വി. കൃഷ്ണദാസ് (കീഴ്ക്കാവ്), കെ. വിജയരാജ് ( ശിവക്ഷേത്രം), എ.എസ്. പ്രവീൺ (ശാസ്താക്ഷേത്രം) എന്നിവരെ തിരഞ്ഞെടുത്തു. ഇവർ ഓരോമാസം ഇടവിട്ട് മൂന്നുക്ഷേത്രങ്ങളിലായി പ്രവർത്തിക്കും.

a
ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ മേൽശാന്തി സി. എൽ. സതീഷ് നമ്പൂതിരി ( പുതിയേടം എറണാകുളം)

കൊച്ചിൻ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിൽ നിന്നുള്ള അപേക്ഷകരെ പ്രത്യേക തന്ത്രിസംഘം മുഖാമുഖം നടത്തിയതിനുശേഷം നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. ഇന്നലെ ശ്രീകോവിലിൽ പന്തീരടിപൂജയ്ക്ക് പൂജിച്ച നറുക്കുകൾ അടങ്ങിയ വെള്ളിക്കുടം കൊടിമരച്ചുവട്ടിൽ കൊണ്ടുവന്നതിനു ശേഷം തന്ത്രി എരൂർ പുലിയന്നൂർ ദിലീപൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു നറുക്കെടുപ്പ്. ചോറ്റാനിക്കര താഴിമറ്റത്തിൽ സനു കെ. സോമന്റെ മകൾ മീനാക്ഷി സനുവാണ് (6) നറുക്കെടുത്തത്. കൊച്ചിൻ ദേവസ്വംബോർഡ് മെമ്പർ കെ.പി. അജയകുമാർ, ചോറ്റാനിക്കര ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ബിജു ആർ. പിള്ള, മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, ക്ഷേത്രം ഊരായ്മ പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രോപദേശകസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.