കൊച്ചി: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ആറര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്‌തെന്ന 35കാരിയുടെ പരാതിയിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2025 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ യുവതിയെ എറണാകുളത്ത് എത്തിച്ച് മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് പരാതി. ആലപ്പുഴ സ്വദേശിനിയാണ് പരാതിക്കാരി.

2024 ഡിസംബറിലാണ് 35കാരിയും യുവാവും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. ഇതിന് ശേഷം പ്രതി പലപ്പോഴായി ഒന്നര ലക്ഷം രൂപ ഓൺലൈനായും അഞ്ച് ലക്ഷം രൂപ നേരിട്ടും കൈക്കലാക്കി. പ്രതി വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് പരാതിയിലേക്ക് യുവതിയെ എത്തിച്ചത്. യുവതിയെ കോടതിയിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.