കൊച്ചി: സമുദ്രോത്പന്നങ്ങൾക്ക് 15 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കയുടെ നടപടി പിൻവലിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) ആവശ്യപ്പെട്ടു.

നിരവധി പേർക്ക് തൊഴിൽ ഉറപ്പാക്കുന്ന കയറ്റുമതി മേഖലയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു. അമേരിക്കയിലേക്ക് കപ്പൽ കയറ്റിയ 1,500 കോടി രൂപയുടെ സമുദ്രോത്പന്നങ്ങൾക്ക് പുതിയ തീരുവഘടന എങ്ങനെയാണ് ബാധിക്കുകയെന്നത് ആശങ്കപ്പെടുത്തുന്നു. ചൈനയിലേക്കും യു.കെയിലേക്കും ചെമ്മീൻ കയറ്റുമതി ചെയ്ത് പ്രതിസന്ധി പരിഹരിക്കുക എളുപ്പമല്ല. ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവ നിർബന്ധമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഉത്തരവിറക്കിയത്. കഴിഞ്ഞവർഷം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത സമുദ്രോത്പന്നങ്ങളിൽ 90 ശതമാനവും ചെമ്മീനായിരുന്നു. അതിൽ ഭൂരിപക്ഷവും വനാമി ചെമ്മീനായിരുന്നു. 2.3 ദശലക്ഷം ഡോളറിന്റെ ചെമ്മീനാണ് കയറ്റുമതി ചെയ്തത്. തീരുവ വർദ്ധനവ് രാജ്യത്തിന്റെ വരുമാനത്തിന് തിരിച്ചടിയാകുമെന്നും ചാൾസ് ജോർജ് പറഞ്ഞു.