മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ പുതുക്കിയ വോട്ടർപട്ടികയിൽ നിന്ന് നിരവധി വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയതായി പരാതി. യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ എന്നീ മുന്നണികളെല്ലാം സമാനമായ പരാതികളാണ് ഉന്നയിച്ചിരിക്കുന്നത്.

നിലവിലുണ്ടായിരുന്ന 28 വാർഡുകൾ വിഭജിച്ച് 2 വാർഡ് കൂടി വർദ്ധിപ്പിച്ച് 30 വാർഡുകളാക്കിയിട്ടുണ്ട്. ഇതോടെ പലരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അവരുടേതല്ലാത്ത വാർഡുകളിലാണെന്നാണ് പ്രധാന ആക്ഷേപം. വാർഡുകളുടെ അതിർത്തി പുനർനിർണയിച്ചപ്പോൾ ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്ക് മാറ്റിയെങ്കിലും വോട്ട് പഴയ വാർഡിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നതായാണ് പരാതി ഉയരുന്നത്. സമാനമായ രീതിയിൽ ചിലരുടെ വോട്ട് തെറ്റായ രീതിയിൽ പുതിയ വാർഡുകളിലേക്ക് ഉൾപ്പെടുത്തിയതായും പരാതിയുണ്ട്.

അതിർത്തി പുനർനിർണയത്തിലെ അപാകതകൾ


നഗരസഭയിൽ അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അതിർത്തികൾ തയ്യാറാക്കിയിട്ടുള്ളതെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. സാധാരണയായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ തന്നെ പ്രദേശത്തെ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്ന് ചർച്ച ചെയ്യുന്ന പതിവുണ്ടായിരുന്നെന്നും എന്നാൽ നഗരസഭയിൽ അത്തരത്തിലുള്ള ഒരു പ്രവർത്തനം നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്.