mancha

കോലഞ്ചേരി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആധുനിക നിലവാരത്തിൽ റോഡ് നിർമാണം പൂർത്തിയായപ്പോൾ മഞ്ചനാട്ടുകാർക്ക് നെഞ്ചിൽ തീയാണ്. റോഡിൽ വർദ്ധിച്ചുവരുന്ന അപകടങ്ങളാണ് ഇവരെ അസ്വസ്ഥരാക്കുന്നത്.

ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പണി പൂർത്തിയാക്കിയപ്പോൾ റോഡിന്റെ പ്രതലം ഉയർന്നത് പ്രശ്‌നങ്ങൾക്ക് കാരണമായി. ഇതോടെ റോഡിന്റെ കട്ടിംഗിൽ അപ്രതീക്ഷിതമായി വാഹനങ്ങൾ വീഴുന്നതാണ് പ്രധാന പ്രശ്‌നം. റോഡിന്റെ ഒരു ഭാഗത്ത് പെരിയാർവാലി കനാലിന്റെ മഞ്ചനാട് ഡിസ്ട്രിബ്യൂട്ടറിയുടെ ഭാഗമായ ടെയിൽ എൻഡ് കനാലും മറുവശത്ത് പൂർത്തീകരിക്കാത്തതും ആഴംകൂടിയതുമായ ഓടയും സ്ഥിതി ചെയ്യുന്നതിനാൽ റോഡ് അപകടകരമായ നിലയിലാണ്. രണ്ട് വലിയ വാഹനങ്ങൾ ഒരേ സമയം വന്നാൽ കാൽനടയാത്രക്കാർക്കോ ഇരുചക്രവാഹന യാത്രക്കാർക്കോ മാറാൻ കഴിയില്ല.

കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഉൾപ്പെടെ മുപ്പതോളം സർവീസുകൾ നടത്തുന്ന റോഡ് ഉയർന്ന നിലവാരത്തിൽ ടാർ ചെയ്തതിനുശേഷം വാഹനത്തിരക്ക് കൂടി. ഒപ്പം ഇരുപതോളം അപകടങ്ങളും നടന്നു. ദിവസവും ഇരുചക്രവാഹനങ്ങൾ കനാലിൽ വീഴുന്നത് പതിവാണ്.

നിരവധി ആളുകൾ കടന്നുപോകുന്ന പാത

മഞ്ചനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങൾ, മഞ്ചനാട് സെന്റ് തോമസ് സിറിയൻ സണ്ടേസ്‌കൂൾ, നെല്ലാട് സെന്റ് തോമസ് എൽ.പി. സ്‌കൂൾ, വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ, തൊട്ടടുത്ത വ്യാപാര കേന്ദ്രങ്ങളായ മംഗലത്തുനട, നെല്ലാട് എന്നിവിടങ്ങളിലേക്കുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ എന്നിവരെല്ലാം സഞ്ചരിക്കുന്ന റോഡാണിത്. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകുമ്പോഴും റോഡരികിൽ വീണ് അപകടമുണ്ടാകുന്നുണ്ട്.

പ്രതലത്തിൽ നിന്ന് താരതമ്യേന നല്ല ഉയരത്തിൽ ടാറിംഗ് പൂർത്തിയാക്കിയതോടെ അരികുകളിൽ 10 മുതൽ 12 ഇഞ്ച് വരെ ഉയരമുണ്ട്. ഇവിടെ മണ്ണിട്ട് ഉയരം കുറക്കണം.

വിനോദ്കുമാർ

പ്രദേശവാസി