കൊച്ചി: വൈപ്പിൻ ദ്വീപിലെ എടവനക്കാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കടൽ ഭിത്തി നിർമ്മാണവും അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ സംയുക്ത യോഗം വിളിച്ച് പരിഹാരം കാണണമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട ജോലികളിൽ പങ്കാളികളാകാനും ഏകോപിപ്പിക്കാനും ചുമതലപ്പെട്ട ജലസേചന, ധനകാര്യ വകുപ്പ് പ്രതിനിധികൾ, എടവനക്കാട് പഞ്ചായത്ത് സെക്രട്ടറി, കൊച്ചിൻ പോർട്ട്, ഗോശ്രീ ദ്വീപ് വികസന അതോറിറ്റി അധികൃതർ തുടങ്ങിയവരെ ഉൾപ്പെടുത്തി യോഗം വിളിക്കാനാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
പഴകിയതും തകരാർ സംഭവിച്ചതുമായ കടൽ ഭിത്തികൾ ബലപ്പെടുത്തണമെന്നും ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടൽ ഭിത്തി നിർമ്മാണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് എടവനക്കാട് പഞ്ചായത്തിലെ ഒന്ന്, ഒമ്പത്, 13 വാർഡുകളിലെ താമസക്കാരായ ഇ.കെ. സലിഹരൻ, എസ്.വൈ. സംജാദ്, എം.ആർ ജോസഫ് ബേസിൽ എന്നിവരടക്കം നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത് .ഹർജി വീണ്ടും 8ന് പരിഗണിക്കാൻ മാറ്റി.
സുനാമിക്ക് ഇരയായവരാണ് താമസക്കാർ
കടൽ ഭിത്തിയില്ലാത്തതിനാൽ സമീപ വാസികളായ താമസക്കാർ ഏറെ ബുദ്ധിമുട്ടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജിക്കാരുടെ താമസസ്ഥലം വേലിയേറ്റമുണ്ടായാൽ പോലും വെള്ളത്തിലാവുന്ന സ്ഥിതിയിലാണ് . 2004ലെ സുനാമിക്ക് ഇരയായവരാണ് ഇവിടെയുള്ളത്. എടവനക്കാട് താത്കാലിക കടൽ ഭിത്തി നിർമ്മാണത്തിന് 35 കോടി അനുവദിച്ചതായി ഗോശ്രീ ദ്വീപ് വികസന സമിതി (ജിഡ) അറിയിച്ചെങ്കിലും ബന്ധപ്പെട്ട ജോലികൾ ചുവപ്പുനാടയിൽ കുരുങ്ങിയതിനാൽ ആരംഭിക്കാനായിട്ടില്ല. ശേഷിക്കുന്ന തുക ഇതുവരെ അനുവദിച്ചിട്ടുമില്ല. കടൽ ഭിത്തി ബലപ്പെടുത്തി സംരക്ഷിക്കുകയും ഇല്ലാത്തിടത്ത് നിർമ്മിക്കുകയും വേണമെന്നാണ് ഹർജിയിലെ ആവശ്യം. മുഴുവൻ തുകയും അനുവദിക്കാൻ ഉത്തരവിടണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.
യോഗതീരുമാനം അറിയിക്കണം
1. കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷം തീരുമാനം അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. 2. ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ യോഗത്തിന്റെ മിനിറ്റ്‌സ് പകർപ്പ് സഹിതം സമർപ്പിക്കണം.
3. ഹർജിക്കാർക്കും കളക്ടർക്ക് മുമ്പാകെ പരിഹാര നിർദേശങ്ങൾ സമർപ്പിക്കാമെന്നും കോടതി നിർദ്ദേശിച്ചു.