ആലുവ: ആറരക്കോടിയോളം രൂപ ചെലവഴിച്ച് പഴമ നിലനിർത്തി, ആലുവ പഴയ പാലസിന്റെ നവീകരണത്തിന് വേഗം കൂടി. കഴിഞ്ഞ നവംബറിൽ ആരംഭിച്ച നവീകരണം 12 മാസത്തിനകം പൂർത്തീകരിക്കാനാണ് കരാർ.
2017ൽ പാലസ് അനക്സ് മന്ദിരം തുറന്നതിന് പിന്നാലെ ഏഴ് വർഷത്തോളം അടച്ചിട്ട ശേഷമാണ് പഴയ മന്ദിരത്തിന്റെ നവീകരണം ആരംഭിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനാണ് (കെ.ഐ.ഐ.ഡി.സി) 6.36 കോടിയുടെ നവീകരണച്ചുമതല. പാലക്കാട് കേന്ദ്രീകരിച്ചുള്ള നിർമ്മാണ കമ്പനിയാണ് നവീകരണം നടത്തുന്നത്. ആദ്യം രണ്ട് കോടി രൂപയുടെ നവീകരണത്തിന് പി.ഡബ്ല്യു.ഡി കരാറെടുത്തെങ്കിലും 2018ലെ മഹാപ്രളയത്തെ തുടർന്ന് നടന്നില്ല. പിന്നീട് 2019ൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നവീകരണത്തിനും ലാൻഡ് സ്‌കേപ്പിംഗിനും മൂന്ന് വർഷത്തെ അറ്റകുറ്റപ്പണിക്കുമായി 6.5 കോടി രൂപയ്ക്ക് കരാർ നൽകിയെങ്കിലും സാങ്കേതികാനുമതി ലഭിക്കും മുമ്പേ അവരും പിൻവാങ്ങി.
മൂന്നാമതാണ് കെ.ഐ.ഐ.ഡി.സി കരാറെടുത്തത്. ഫ്‌ളോർ, ബാത്ത് റൂം, ഇന്റീരിയർ, ഇലക്ട്രിഫിക്കേഷൻ, ലാൻഡ് സ്‌കേപ്പിംഗ്, മേൽക്കൂര നവീകരണം എന്നിവയാണ് പദ്ധതിയിലുള്ളത്. മുറികളിലും ഹാളിലുമെല്ലാം മരനിർമ്മിത മെറ്റീരിയൽ സ്ഥാപിക്കും.
തിരുവിതാംകൂർ മഹാരാജാവ് നിർമ്മിച്ച കെട്ടിടം
തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്ത് നിർമ്മിച്ചതാണ് കെട്ടിടം. നഗരമദ്ധ്യത്തിൽ പെരിയാറിനോട് ചേർന്ന് അഞ്ചേമുക്കാൽ ഏക്കറിലാണ് കൊട്ടാരം. രാജകുടുംബാംഗങ്ങൾക്ക് പെരിയാറിൽ കുളിച്ച് താമസിക്കുന്നതിനായി പണികഴിപ്പിച്ചതാണ്. മൂന്ന് സ്യൂട്ട് റൂം ഉൾപ്പെടെ 13 മുറികളാണുള്ളത്. മച്ചുകളും ഓടുകളും തനിമ നഷ്ടപ്പെടാതെ നവീകരിക്കും.
1991 ലാണ് സംസ്ഥാന സർക്കാർ കൊട്ടാരം ഏറ്റെടുത്തത്. നിലവിൽ ടൂറിസം വകുപ്പിന്റെ കീഴിലാണ്. പാലസിന്റെ പ്രവേശന കവാടത്തിൽ ഇപ്പോഴും തിരുവിതാംകൂർ രാജമുദ്ര ഉണ്ട്. കവാടത്തിന്റെ ഇരുവശങ്ങളിലായി രാജഭടന്മാർക്ക് തങ്ങുന്നതിനായി നിർമ്മിച്ച മുറികൾക്കും മാറ്റമില്ല.
രാഷ്ട്രീയക്കാരുടെയും ഇഷ്ടകേന്ദ്രം
നിരവധി രാഷ്ട്രീയ കോളിളക്കങ്ങൾക്ക് ആലുവ പാലസ് വേദിയായിട്ടുണ്ട്. മരണപ്പെട്ട മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്റെയും കെ. കരുണാകരന്റെയും ഇഷ്ടകേന്ദ്രമായിരുന്നു. വി.എസ് മദ്ധ്യകേരളത്തിൽ എവിടെയായാലും തങ്ങാനെത്തുന്നത് പാലസിലായിരുന്നു. കരുണാകരന് തൃശൂർ രാമനിലയം കഴിഞ്ഞാൽ അടുത്തത് ആലുവ പാലസിനോടായിരുന്നു ഇഷ്ടം. വയലാർ രാമവർമ്മ പാലസിൽ ഇരുന്ന് നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്.