കളമശേരി: പത്തടിപാലത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങളെ ഒഴിപ്പിക്കാനായി ദുരന്തനിവാരണ അതോറിട്ടിയുടെ സഹായം തേടാൻ കളമശേരി നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. അപകടാവസ്ഥയിലായ കെട്ടിടത്തിൽ വൃത്തിഹീനമായ സാഹചര്യത്തിൽ 25 ഓളം കുടുംബങ്ങൾ താമസിക്കുന്നതായും ഇവരെ ഒഴിപ്പിക്കണമെന്നുമുള്ള കളമശേരി പൊലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ട് കൗൺസിലിൽ ചർച്ചയ്ക്ക് വന്നപ്പോഴാണ് തീരുമാനം എടുത്തത്.
കെട്ടിടത്തിൽ തുണി കെട്ടി മറച്ച ചെറിയ മുറികളിൽ ഡീസൽ സ്റ്റൗ, വിറക് അടുപ്പ് എന്നിവ ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. ഇത് തീപിടുത്തത്തിന് കാരണമാകുമെന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തി. വൃത്തിഹീനമായ താമസസ്ഥലത്ത് കൂട്ടിയിടുന്ന കുപ്പികളിലും മറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്. മാരക പകർച്ചവ്യാധികൾ പടർന്നു പിടിക്കാനും സാദ്ധ്യതയുണ്ട്. മഴയത്ത് ശുചിമുറി മാലിന്യവും ആക്രി മാലിന്യവും കൂടി കലർന്ന് സമീപത്തുള്ള കുളത്തിൽ നിറഞ്ഞ് ദുർഗന്ധം ഉണ്ടാകുന്നതായി നഗരസഭാ ആരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടി.
ലൈസൻസോ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി പത്രമൊ ഇല്ലാതെയാണ് ഇവിടെ പാഴ് വസ്തുക്കൾ ശേഖരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ച് വില്പനയും നടക്കുന്നതായി നാട്ടുകാർ ആരോപിച്ചു. ബാലാവകാശ കമ്മീഷനെയും മനുഷ്യാവകാശ കമ്മീഷനെയും വിവരങ്ങൾ അറിയിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു.
പൊലീസിന്റെ റിപ്പോർട്ടിലുള്ളതിനേക്കാളും രൂക്ഷമായ അവസ്ഥയാണെന്നും മുൻപ് ഇവിടെ തീപിടുത്തം ഉണ്ടായിട്ടുണ്ടെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. അതേസമയം ഒന്നാം വാർഡിലും അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുകയും ആക്രി കച്ചവടവും നടത്തുന്നുണ്ടെന്നും ഇവിടെയും നടപടി സ്വീകരിക്കണമെന്നും ഒന്നാം വാർഡ് കൗൺസിലർ ആവശ്യപ്പെട്ടു.