rajeev

ആലുവ: ജനാധിപത്യവിരുദ്ധമായി ലോക്കൽ സെക്രട്ടറിയെ തിരഞ്ഞെടുത്തുവെന്ന പരാതി സി.പി.എം ജില്ലാ കമ്മിറ്റി ഇടപെട്ട് പരിഹരിച്ചു. ഇന്നലെ ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ ഏരിയാ കമ്മിറ്റി അംഗം കൂടിയായ രാജീവ് സക്കറിയയെ ഏകകണ്ഠമായി സെക്രട്ടറിയായി തിരഞ്ഞെടുത്തു.

കഴിഞ്ഞ ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറിയായിരുന്ന പോൾ വർഗീസിനെതിരെ രാജീവ് സക്കറിയയെ സെക്രട്ടറി സ്ഥാനത്തേക്ക് നിർദ്ദേശിച്ചപ്പോൾ ജില്ലാ നിരീക്ഷകൻ സമ്മേളനം നിർത്തിവച്ചിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ 15 അംഗ കമ്മിറ്റിയിൽ 12 പേരുടെ പിന്തുണയുണ്ടായിട്ടും രാജീവിനെ സെക്രട്ടറിയാക്കിയില്ല. പോൾ ജോസഫിനെ സെക്രട്ടറിയായി ജില്ലാ നിരീക്ഷകൻ എം.കെ. ബാബു പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഒരു വിഭാഗം ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയത്.
മറുവിഭാഗം നൽകിയ മറ്റൊരു പരാതിയിൽ, മറ്റ് ലോക്കൽ അതിർത്തിയിൽ സ്ഥിരതാമസമാക്കിയവരെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനും ജില്ലാ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. നാല് പേർ ചൂർണിക്കര ലോക്കൽ അതിർത്തിയിലും രണ്ട് പേർ കടുങ്ങല്ലൂർ ലോക്കൽ അതിർത്തിയിലും സ്ഥിരതാമസക്കാരാണ്. ഇവരെ പിന്നീട് അതത് ലോക്കൽ കമ്മിറ്റികളിലേക്ക് മാറ്റും.
ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. സലീം, ഉഷാകുമാരി, ഏരിയാ കമ്മിറ്റി അംഗം പി.എം. സഹീർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

എടത്തല വെസ്റ്റിലും സെക്രട്ടറി മാറ്റം
രണ്ട് വട്ടം സമ്മേളനം നടത്തിയിട്ടും ലോക്കൽ കമ്മിറ്റിയെയും സെക്രട്ടറിയെയും നിശ്ചയിക്കാൻ കഴിയാതിരിക്കുകയും മൂന്നാം വട്ടം ഒരു വിഭാഗത്തിന്റെ ഇറങ്ങിപ്പോക്കിലും കലാശിച്ച എടത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റിക്കും പുതിയ സെക്രട്ടറിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ മീന്ത്രക്കലാണ് പുതിയ സെക്രട്ടറി.
ഏരിയാ കമ്മിറ്റി ഓഫീസിൽ മൂന്നാം വട്ടം ലോക്കൽ സമ്മേളനം ചേർന്നപ്പോൾ കമ്മിറ്റിക്കെതിരെ പ്രതിഷേധിച്ച് ഒരു വിഭാഗം ഇറങ്ങിപ്പോയിരുന്നു. തുടർന്ന് വി.ബി. സെയ്തുമുഹമ്മദിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെതിരായി നൽകിയ പരാതിയിലാണ് ഇന്നലെ ലോക്കൽ കമ്മിറ്റി ചേർന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. മൂന്നാം വട്ടം സമ്മേളനം ചേർന്നപ്പോൾ ബഹിഷ്‌കരിച്ച് ഇറങ്ങിയവർക്കൊപ്പമുണ്ടായിരുന്നയാളാണ് പുതിയ സെക്രട്ടറി.