1
ഷീബ ഡുറോം

മട്ടാഞ്ചേരി: കൊച്ചി നഗരസഭാ പതിനൊന്നാം ഡിവിഷൻ കൗൺസിലർ ഷീബാ ഡ്യൂറോമിനെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി പരിപാടികളിൽ പങ്കെടുക്കാതെ പാർട്ടിക്ക് എതിരായി പ്രവർത്തിച്ചതിന്റെ പേരിൽ നേരത്തേ താക്കീത് നൽകിയിരുന്നതായി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ നോട്ടീസിൽ പറയുന്നു. ഷീബാ ഡുറോമിന്റെ മാപ്പപേക്ഷ നേരത്തെ പരിഗണിച്ചതാണെങ്കിലും പിന്നീടും നിരന്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാൽ പുറത്താക്കുന്നുവെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്.

എന്നാൽ തന്നെ പുറത്താക്കിയതായുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഷീബാ ഡുറോം പറഞ്ഞു. താൻ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ഒന്നും നടത്തിയിട്ടില്ല. ആരുടേയോ ഗൂഢ താത്പര്യങ്ങൾക്കായി തന്നെ മനഃപൂർവം മാറ്റി നിർത്തുകയാണ്. പാർട്ടി പരിപാടികൾ ബോധപൂർവം അറിയിക്കുന്നില്ല. ഒരു സ്ത്രീ എന്ന പരിഗണന നൽകാതെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പൊതു സമൂഹത്തിൽ അപമാനിക്കുന്ന നടപടിയാണ് ചിലർ സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു. കോൺഗ്രസിൽ നിന്ന് പുറത്താക്കിയാലും ഒരു ജനസേവകയായി എന്നും ഉണ്ടാകുമെന്നും ഷീബാ ഡുറോം വ്യക്തമാക്കി.