കുറുപ്പംപടി: വേങ്ങൂർ, മുടക്കുഴ, അശമന്നൂർ പഞ്ചായത്തുകളിലേക്ക് ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിവെള്ള കണക്ഷൻ നൽകുന്നതിനായി ചൂരമുടിയിൽ നിലവിലുണ്ടായിരുന്ന പഴയ വാട്ടർ ടാങ്ക് പൊളിച്ചുമാറ്റി പുതിയ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുന്നു. മുടക്കുഴ പഞ്ചായത്തിലെ നാലാം വാർഡ് ചൂരമുടി മലയുടെ മുകളിലാണ് പണികൾ ആരംഭിച്ചിരിക്കുന്നത്. ബേസ്‌മെന്റ് പണികൾ പൂർത്തിയായിക്കഴിഞ്ഞു, നിലവിൽ മുകളിലേക്കുള്ള നിർമ്മാണം നടക്കുന്നത്.

കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും പഞ്ചായത്തുകളിലെയും ഫണ്ടുകൾ ഉപയോഗിച്ച് 10 കോടി രൂപയുടെ അടങ്കൽ തുകയാണ് ചൂരമുടി കുടിവെള്ള പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലെയും വാട്ടർ ടാങ്കുകളിലേക്ക് പെരിയാറിൽ നിന്ന് ചൂരമുടി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് വെള്ളം എത്തിച്ച് ശുദ്ധീകരിച്ച് ഇവിടെനിന്ന് നേരിട്ട് മുടക്കുഴ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജൽ ജീവൻ കുടിവെള്ളവുമായി ബന്ധിപ്പിക്കും. നിലവിലുള്ള വാട്ടർ കണക്ഷനുകളിലേക്കും വെള്ളം ലഭ്യമാക്കും.

 7 ലക്ഷം ലിറ്റർ സംഭരണശേഷി

ചൂരമുടി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ഏകദേശം 7 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ള ടാങ്കാണ് നിർമ്മിക്കുന്നത്. പണി പൂർത്തീകരിച്ച് കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്യുമ്പോൾ ഈ മൂന്ന് പഞ്ചായത്തുകളിലെയും ജൽ ജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള മുഴുവൻ ഗാർഹിക ഉപഭോക്താക്കൾക്കും കുടിവെള്ളം ലഭിക്കും. പ്രസിഡന്റ് പി.പി. അവറാച്ചൻ, വാർഡ് മെമ്പർമാരായ സോമി ബിജു, ജോസ് എ. പോൾ, റോഷ്‌നി എൽദോ, സാമൂഹ്യപ്രവർത്തകൻ രഞ്ജിത്ത് പി.എസ്. എന്നിവർ ഇന്നലെ പണിസ്ഥലം സന്ദർശിച്ചു.

മറ്റ് പഞ്ചായത്തുകളിലെ പുരോഗതി
1. അശമന്നൂർ പഞ്ചായത്തിലെ മേതല കല്ലിൽ ഭാഗത്ത് പുതിയ വാട്ടർ ടാങ്കിന്റെ പണി കഴിഞ്ഞു. അവിടേക്ക് ചൂരമുടിയിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം പമ്പ് ചെയ്ത് അശമന്നൂർ പഞ്ചായത്തിലെ ജൽ ജീവൻ പദ്ധതിയിലും നിലവിലുള്ള കുടിവെള്ള കണക്ഷനുകളിലും നൽകി കഴിഞ്ഞാൽ കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാകും.

2. വേങ്ങൂർ പഞ്ചായത്തിലെ മുനിപ്പാറയിൽ പുതിയ ടാങ്കിന്റെ പണി ആരംഭിക്കാൻ പോകുകയാണ്. വക്കുവള്ളിയിൽ നിലവിലുള്ള ടാങ്കും പുതിയതാക്കും.

അടുത്ത വേനലിന് മുമ്പ് പണികൾ പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പി.പി. അവറാച്ചൻ

പഞ്ചായത്ത് പ്രസിഡന്റ്

മുടക്കുഴ