കാക്കനാട്: പൊലിക 2025 ജില്ലാ കാർഷികമേളയുടെ സമാപന സമ്മേളനം കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ണിലെ യഥാർത്ഥ താരങ്ങൾ കർഷകരാണെന്നും മനുഷ്യന്റെ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിക്കുന്നവർ ഇവരാണെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കാർഷിക മേഖലയിലുള്ള ഇടപെടൽ ഏറെ മാതൃകാപരമാണെന്നും അവാർഡുകൾ ലഭിച്ച കർഷകരെ അഭിനന്ദിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ചടങ്ങിൽ അദ്ധ്യക്ഷനായി.
ചുമതല മാറിപ്പോകുന്ന ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിനെയും സബ് കളക്ടർ കെ. മീരയെയും മന്ത്രി ആദരിച്ചു. വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കർഷകർ മന്ത്രിയിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സനിത റഹിം, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ജെ. ജോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, ശാരദ മോഹൻ, ലിസി അലക്സ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.പി. സിന്ധു, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ പി. ഹനീഷ് എന്നിവർ പ്രസംഗിച്ചു.