കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) രണ്ടാം സീസണ് മുന്നോടിയായുള്ള ട്രോഫി ടൂർ വാഹന പര്യടനത്തിന് ജില്ലയിൽ ഊഷ്മള വരവേല്പ്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ട്രോഫി ടൂർ ഗ്രാമങ്ങളിലടക്കം എത്തും. കൊച്ചിയുടെ സ്വന്തം ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സും പ്രചാരണ പരിപാടികളുടെ ഭാഗമാണ്.
ഇടപ്പള്ളി സെന്റ് ജോർജ് സ്‌കൂളിൽ നടന്ന ചടങ്ങിൽ സംവിധായകനും മുൻ ബിഗ് ബോസ് താരവുമായ അഖിൽ മാരാർ, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഡയറക്ടർ ശരത്ത്, ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി കാർത്തിക് വർമ്മ, സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രറ്റേണിറ്റി ട്രഷററും പ്രൊഡ്യൂസറുമായ സുദീപ് കാരാട്ട് എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് മത്സരങ്ങൾ നടത്തി.