കൊച്ചി: കൃത്രിമ ഗർഭധാരണത്തിന് അണ്ഡം ശേഖരിച്ചു നൽകുന്ന കളമശേരിയിലെ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയ സംഭവത്തിൽ മാനേജിംഗ് ഡയറക്ടറെ അറസ്റ്റുചെയ്യുന്നത് ഹൈക്കോടതി താത്കാലികമായി വിലക്കി.

താൻ എല്ലാ ലൈസൻസോടുംകൂടിയാണ് അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജി ബാങ്ക് നടത്തുന്നതെന്നും വ്യാജവാർത്തയെ തുടർന്നു പൊലീസ് സ്ഥാപനത്തിലെത്തുകയായിരുന്നെന്നും മാനേജിംഗ് ഡയറക്ടർ അബ്ദുൽ മുത്തലിഫ് മുൻകൂർ ജാമ്യഹർജിയിൽ അറിയിച്ചു. ബിസിനസ് രംഗത്ത് തന്നോടു വൈരാഗ്യമുള്ളവരുടെ സ്വാധീനത്താലാണ് പൊലീസ് നടപടി. കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും തന്നെ അറസ്റ്റുചെയ്യുമെന്ന് ആശങ്കയുണ്ടെന്നും ഹർജിക്കാരൻ അറിയിച്ചു. തുടർന്ന് ഹർജി 13ന് പരിഗണിക്കാൻ മാറ്റിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അന്നുവരെ അറസ്റ്റു ചെയ്യരുതെന്നു നിർദേശിച്ചു.