കൊച്ചി: പൂത്തോട്ട ശ്രീനാരായണ ലാ കോളേജ് വിദ്യാർത്ഥിനി എ.എ. അബ്ന ഏഷ്യൻ റോളർ സ്കേറ്റിംഗ് മത്സരത്തിൽ സമ്മാനം നേടുന്ന ആദ്യ മലയാളി വനിതയായി. ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ, അബ്ന അംഗമായ ഇന്ത്യൻ ടീം വെങ്കലം കരസ്ഥമാക്കി. 3000 മീറ്റർ റിലേ ഇനത്തിലാണ് ടീം മത്സരിച്ചത്. വ്യക്തിഗത ഇനങ്ങളിൽ അഞ്ചാം സ്ഥാനവും അബ്നയ്ക്കാണ്.
അന്താരാഷ്ട്ര മത്സരത്തിൽ റോളർ സ്കേറ്റിംഗ് ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ മലയാളി വനിതയാണ് അബ്ന. ശ്രീനാരായണ ലാ കോളേജിൽ നടന്ന ചടങ്ങിൽ സെക്രട്ടറി കെ.കെ. അരുൺകാന്ത്, അബ്നയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. കോളേജ് കായികവിഭാഗം മേധാവി ജി. ശരത് ഗോകുൽ, അസി. പ്രൊഫസർമാരായ ജി. രജിത, പി. ഗ്രീഷ്മ, സലീം കുമാർ എന്നിവർ സന്നിഹിതരായി.