മരട്: കുണ്ടന്നൂരിൽ സ്വകാര്യവ്യക്തിയുടെ പൈലിംഗ് സൈറ്റിൽ നിർമ്മാണ തൊഴിലാളി ഷോക്കേറ്റു മരിച്ചു. തമിഴ്നാട് ദിഡിഗൽ പുതുകോട്ടൈ സ്വദേശി ശക്തിവേൽ (62) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കുണ്ടന്നൂർ നെല്ലിക്കൽ തീരദേശ റോഡിന് സമീപത്തെ സ്ഥലത്ത് മതിൽ കെട്ടുന്നതിന് പൈലിംഗ് സാമഗ്രികൾ മാറ്റുന്നതിനായി ഇരുമ്പ് റോപ്പ് വലിച്ചുകെട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ ചുറ്റിയാണ് ഇവർക്ക് ഷോക്കേറ്റത്. മൂന്ന് തൊഴിലാളികൾ തെറിച്ചുപോയെങ്കിലും ശക്തിവേൽ ഷോക്കേറ്റ് വീഴുകയായിരുന്നു. ഇയാളെ മരടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സേലം സ്വദേശികളായ അരവിന്ദൻ, മാരിയപ്പൻ, തിരുച്ചിറപ്പിള്ളി സ്വദേശി അയ്യപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്. അനുമതി ഇല്ലാതെ നിർമ്മാണ പ്രവൃത്തികൾ നടത്തിയതിന് കെ.എസ്.ഇ.ബി കരാറുകാരന് നോട്ടീസ് നൽകി.