ആലുവ: ചോറ്റാനിക്കരയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ കലാഭവൻ നവാസ് ആലുവയുടെ മരുമകനായിരുന്നു. ഷൂട്ടിംഗ് ഇടവേളകളിൽ ആലുവയിലെയും പരിസരപ്രദേശങ്ങളിലെയും പൊതുപരിപാടികളിലെല്ലാം സജീവമായിരുന്നു. വടക്കാഞ്ചേരി സ്വദേശിയായ നവാസ് ആലുവ പട്ടേരിപ്പുറത്ത് താമസിക്കുന്ന പിതൃസഹോദരിയുടെ വീടുമായി ബന്ധപ്പെട്ടാണ് ആദ്യകാലത്ത് ആലുവയിൽ എത്തിയിരുന്നത്. പിന്നീട് പള്ളുരുത്തിയിൽ നിന്ന് ആലുവയിൽ സ്ഥിരതാമസമാക്കിയ നാടക നടൻ കൊച്ചിൻ ഹസൈനാരുടെ മകൾ രഹ്നയെ വിവാഹം കഴിച്ചതോടെ ആലുവക്കാരനായി മാറുകയായിരുന്നു. ആലുവ ചൂണ്ടി സ്നേഹാലയത്തിന് സമീപം സ്വന്തമായുള്ള വീട് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. നാലാംമൈലിൽ ഭാര്യാവീടിന് സമീപമാണ് നവാസും കുടുംബവും താമസിക്കുന്നത്.

നാട്ടിലെ സ്കൂളുകളിലും ക്ളബുകളിലുമെല്ലാം കലാപരിപാടികളിൽ അതിഥിയായി അദ്ദേഹം എത്തിയിരുന്നു.
ചൂണ്ടിയിലെ ഒരുമ റസിഡന്റ്സ് അസോസിയേഷൻ അംഗമായിരുന്ന അദ്ദേഹം അസോസിയേഷന്റെ വാർഷിക പരിപാടിയിലും പങ്കെടുത്തിരുന്നു. ചാലക്കൽ തുമ്പിച്ചാലിൽ പുതുവത്സര പരിപാടിയിലും നവാസിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.