കൊച്ചി: ചലച്ചിത്ര-മിമിക്രി താരമായ കലാഭവൻ നവാസിനെ (51) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിത്രീകരണത്തിനായി എത്തിയ അദ്ദേഹത്തെ ഷൂട്ടിംഗ് സംഘം തങ്ങിയ ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടൽ മുറിയിലാണ് ഇന്നലെ രാത്രി ഒമ്പതരയോടെ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമെന്നാണ് പ്രാഥമികനിഗമനം. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നടൻ അബൂബക്കറിന്റെ മകനായി വടക്കാഞ്ചേരിയിലാണ് ജനനം. ഭാര്യ നടിയായ രഹ്ന നവാസ് . നഹറിൻ നവാസ്, റിദ്വാൻ നവാസ്, റിഹാൻ നവാസ് എന്നിവരാണ് മക്കൾ.

പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് നവാസ് ചോറ്റാനിക്കരയിൽ എത്തിയത്. പള്ളിപ്പുറത്ത് മനയിലെ ഷൂട്ടിംഗിന് ശേഷം വൈകിട്ടോടെയാണ് ഹോട്ടലിൽ മടങ്ങിയെത്തിയത്. രാത്രി എട്ടോടെ റൂം ഒഴിയുമെന്ന് നവാസ് അറിയിച്ചിരുന്നു. രാത്രി ഒമ്പത് കഴിഞ്ഞിട്ടും കാണാതായതോടെ റൂം ബോയ് തിരിക്കിയെത്തിയപ്പോഴാണ് മുറി അടഞ്ഞ് കിടക്കുന്നത് കണ്ടത്. തുറന്നു നോക്കിയപ്പോൾ നവാസ് അനക്കമില്ലാതെ കിടക്കുന്നത് കണ്ട് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഈ ഹോട്ടലിൽ തന്നെ തങ്ങിയിരുന്ന ഷൂട്ടിംഗ് സംഘത്തിലുള്ളവർ മിക്കവരും അപ്പോഴേയ്ക്കും മടങ്ങിപ്പോയിരുന്നു.

കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചാണ് തുടക്കം. കൊച്ചിൻ ആർട്സ് എന്ന പേരിൽ സഹോദരൻ നിയാസ് ബക്കറുമൊത്ത് നിരവധി സ്റ്റേജ് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.കലാഭവൻ ട്രൂപ്പിൽ അംഗമായിരുന്നു.സിനിമാ, സീരിയൽ രംഗങ്ങളിലും മിമിക്രിയിലും ഗായകനെന്ന നിലയിലും പ്രശസ്തനാണ്. നിരവധിവേദികളിൽ മിമിക്രിയും ഗാനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ചൈതന്യം ആണ് ആദ്യം അഭിനയിച്ച സിനിമ. മിമിക്സ് 500, അച്ചായൻസ്, ഹിറ്റ്ലർ ബ്രദേഴ്സ്, ചന്ദാമാമ, തില്ലാന തില്ലാന, കളമശേരിയിൽ കല്യാണയോഗം, അമ്മ അമ്മായിയമ്മ, മാട്ടുപ്പെട്ടി മച്ചാൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. മരണ വിവരമറിഞ്ഞ് സിനിമാ-സീരിയൽ രംഗത്തെ പലരും ആശുപത്രിയിലെത്തി.