കൊച്ചി: കൊച്ചിയിലെ കേന്ദ്രപൊതുമേഖലാ സ്ഥാപനത്തിലെ സീനിയർ മാനേജർ ട്രെയിനി എൻജിനിയറായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് ഏഴ് ലക്ഷം രൂപയാണ് കൈക്കലാക്കിയത്. ഹിൽപാലസ് പൊലീസാണ് കേസന്വേഷിക്കുന്നത്. 26കാരിയായ ഒഡീഷ സ്വദേശിനിയാണ് പരാതിക്കാരി. സീനിയർ മാനേജർ മുംബയ് സ്വദേശിയാണ്.
ഒഡീഷ സ്വദേശിനി അടുത്തിടെയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ട്രെയ്‌നിയായി ജോലിയിൽ പ്രവേശിച്ചത്. ഇരുവരും ഒരേ സ്ഥാപനത്തിലാണ് ജോലിചെയ്തിരുന്നത്. കുറഞ്ഞ നാളിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. വിവാഹ വാഗ്ദാനം നൽകി ജൂൺ 15 മുതൽ ജൂലായ് 5 വരെ യുവതിയെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇത് പ്രതി രഹസ്യമായി ചിത്രീകരിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു
സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന ഭീഷണിയിൽ 26കാരി മാനസികമായി തളർന്നു. പുറത്തുവിടാതിരിക്കാൻ ആവശ്യപ്പെട്ടതുപ്രകാരം കൈയിലുണ്ടായിരുന്ന 7.6 ലക്ഷം രൂപ ഓൺലൈനായി ട്രാൻസ്ഫർ ചെയ്തു. പണം കൈക്കലാക്കിയതിന് പിന്നാലെ വിവാഹത്തിൽ നിന്ന് പിന്മാറി.
നാട്ടിലേക്ക് തിരികെ പോയ യുവതി ഒഡീഷ പൊലീസിനെ സമീപിച്ചു. സീറോ എഫ്.എഫ്.ഐ രജിസ്റ്റർ ചെയ്തു. പീഡനം നടന്നത് തൃപ്പൂണിത്തുറയിലായതിനാൽ ഒഡീഷ പൊലീസ് എഫ്.ഐ.ആർ കേരള പൊലീസിന് കൈമാറി.
ആരോപണ വിധേയൻ ഇപ്പോഴും ജോലിയിൽ തുടരുകയാണ്. സ്ഥാപനത്തിൽ യുവതി പരാതിപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.
പുതിയ എഫ്.ഐ.ആർ
ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച എഫ്.ഐ.ആറിന്റെയും പരാതിയുടെയും അടിസ്ഥാനത്തിൽ ഒന്നാം തീയതി ഹിൽപാലസ് പൊലീസ് പുതിയൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. യുവതിയുടെ മൊഴി ഓൺലൈനായോടെ ഫോണിലൂടെയോ രേഖപ്പെടുത്തിയേക്കും. രഹസ്യമൊഴിയും വൈദ്യപരിശോധനയും വേണ്ടതിനാൽ ഇവരോട് കേരളത്തിലെത്താൻ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. തെളിവുകൾ ശേഖരിച്ചതിന് ശേഷമാകും ഇയാളെ ചോദ്യംചെയ്യുക.