കൊച്ചി: ദുരന്തമുഖങ്ങളിൽ സഹായഹസ്തവുമായി ഒരുമിച്ചു കൂടുന്നതാണ് കേരളത്തിന്റെ യഥാർത്ഥ സ്പിരിറ്റെന്ന് നിയുക്ത പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ജനറലും ജില്ലാകളക്ടറുമായ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. 2019ൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ 42 വിദ്യാർത്ഥികളുടെ പഠനച്ചെലവ് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള (സി.സി.എസ്.കെ) ഏറ്റെടുക്കുന്നചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളുടെ പഠനത്തിനുള്ള ആദ്യഘട്ട സഹായമായ 10 ലക്ഷം രൂപയുടെ ചെക്ക് മേപ്പാടി മൗണ്ട് ടബോർ ഇംഗ്‌ളീഷ് സ്‌കൂൾ മാനേജർ സിസ്റ്റർ സലോമിക്ക് കളക്ടർ കൈമാറി. സി.സി.എസ്.കെ പ്രസിഡന്റ് ഇ. രാമൻകുട്ടി വാര്യർ അദ്ധ്യക്ഷനായി. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ ആമുഖ പ്രഭാഷണം നടത്തി. സി.സി.എസ്.കെ നോർത്ത് സോൺ പ്രസിഡന്റ് ഫാ.ജോണി കാഞ്ഞിരത്തിങ്കൽ, സ്‌കൂൾ പി.ടി.എ പ്രതിനിധി എസ്. അഭിലാഷ്, സിസ്റ്റർ സലോമി എന്നിവർ സംസാരിച്ചു. സി.സി.എസ്.കെ ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് സ്വാഗതവും ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡപ്യൂട്ടി ഡയറക്ടർ കെ. സുരേഷ് നന്ദിയും പറഞ്ഞു.
ഉരുൾ പൊട്ടലുണ്ടായ പ്രദേശത്തെ 44 വിദ്യാർത്ഥികളാണ് മേപ്പാടി മൗണ്ട് ടബോർ സ്‌കൂളിൽ പഠിച്ചിരുന്നത്. രണ്ടു പേർക്ക് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടു. ദുരന്തം മൂലം പഠനം അനിശ്ചിതത്വത്തിലായ 42 വിദ്യാർത്ഥികളുടെ മുഴുവൻ പഠനച്ചെലവുമാണ് കൗൺസിൽ ഏറ്റെടുത്തത്. കുട്ടികളുടെ പഠനം ഉറപ്പാക്കി ഭാവിജീവിതവും കുടുംബസുരക്ഷയും ഭദ്രമാക്കുകയെന്ന ദൗത്യമാണ് കൗൺസിൽ ഏറ്റെടുത്തതെന്ന് ഡോ. ഇന്ദിര രാജൻ പറഞ്ഞു.
സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക്അഞ്ചു വീടുകളും സി.സി.എസ്.കെ നിർമ്മിച്ചു നൽകും. 17 മുതൽ 22 ലക്ഷം വരെ രൂപയാണ് ഓരോ വീടുകൾക്കും ചെലവ് പ്രതീക്ഷിക്കുന്നതെന്ന് സി.സി.എസ്.കെ ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് പറഞ്ഞു.