വൈപ്പിൻ: ഗോശ്രീ രണ്ടാംപാലത്തിന്റെ സമാന്തരപാലം അടച്ചതിനെ തുടർന്ന് ഒരു മാസത്തിലേറെയായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. റെസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാഗ് നടത്തിയ സമരത്തെ തുടർന്ന് അസി.പൊലീസ് കമ്മീഷണർ സിബി ടോം വിളിച്ചു കൂട്ടിയ യോഗത്തിലാണ് പരിഹാര നിർദ്ദേശങ്ങൾ ഉരുത്തിരിഞ്ഞത്.
അടച്ചിട്ടിരിക്കുന്ന പാലത്തിൽ രാത്രിയും പകലും കൂടുതൽ തൊഴിലാളികളെ വച്ച് 25 ദിവത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ തീർക്കും. ഏറെ തിരക്കുള്ള രാവിലെയും വൈകിട്ടും ഇരുവശത്തേക്കും കണ്ടെയ്‌നർ ലോറികൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. ചില ഗതാഗത പരിഷ്‌കാരങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. മുളവുകാട് പഴയ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ പാലത്തിനടിയിലൂടെ വന്ന് റൗണ്ട് ചുറ്റി വേണം ഒന്നാം പാലത്തിലേക്ക് കടക്കേണ്ടത്. വല്ലാർപാടം പള്ളിയിൽ നിന്നുള്ള വാഹനങ്ങൾ നേരിട്ട് മേൽപ്പാലത്തിലേക്ക് പ്രവേശിക്കാതെ യു ടേൺ എടുത്ത് മേൽപ്പാലം വഴി മൂന്നാം പാലത്തിലേക്ക് പ്രവേശിക്കണം. പാലങ്ങളിലെ കുഴികൾ അടിയന്തിരമായി നികത്താൻ ജിഡ നടപടി എടുത്തതിനാൽ ഏഴാംതീയതി മുതൽ പ്രഖ്യാപിച്ചിട്ടുള്ള സമരത്തിൽനിന്ന് ബസുടമകൾ പിൻമാറണം തുടങ്ങിയ നിർദ്ദേശങ്ങളും തീരുമാനങ്ങളുമാണ് യോഗത്തിലുണ്ടായത്.
ഫ്രാഗ് ഭാരവാഹികളായ അഡ്വ. വി. പി. സാബു, അനിൽ പ്ലാവിയൻസ്, സേവി താന്നിപ്പിള്ളി, പി.കെ. മനോജ്, ജിഡ പ്രതിനിധി വിജിൽ, ദേശീയപാത അതോറിട്ടിയുടെ നവീൻ, കരാറുകാരന്റെ പ്രതിനിധി പ്രഭു, ബസുടമാ സംഘടനകളുടെ ഭാരവാഹികളായ പി.കെ.ലെനിൻ, അയൂബ്, ഡി.പി വേൾഡ് പ്രതിനിധികളായ ബാബുകുമാർ,മഹേഷ്‌കുമാർ, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ, മുളവുകാട് എസ്.ഐ. തോമസ് തുടങ്ങിയവർ പങ്കെടുത്തു.