കൊച്ചി: എറണാകുളം കമ്മട്ടിപ്പാടത്തെ അഭയകേന്ദ്രത്തിൽ നിന്ന് മൂന്നുമാസം മുമ്പ് ഒളിച്ചോടിയ ഭർതൃമതിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിച്ചോട്ടത്തിന് ശേഷം തിരുവനന്തപുരത്ത് കാമുകനൊപ്പം താമസിക്കുകയായിരുന്ന യുവതി ഭർത്താവിന് ഇൻസ്റ്റഗ്രാമിൽ അയച്ച ഫ്രണ്ട് റിക്വസ്റ്റാണ് വഴിത്തിരിവായത്.
ഭർത്താവ് കൈമാറിയ ഇൻസ്റ്റഗ്രാം സന്ദേശം പിന്തുടർന്ന് കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂന്തുറയിലെ കാമുകന്റെ വീട്ടിൽ നിന്ന് യുവതിയെ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി എറണാകുളത്തെത്തിച്ച് കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് പോകാൻ കോടതി അനുവദിച്ചു.
ഇരുപതുകാരിയായ യുവതി ആലുവ തൈക്കാട്ടുകര സ്വദേശിയാണ്. ഏലൂരിലെ ഭർതൃവീട്ടിൽ ഗാർഹികപീഡനം നേരിട്ടെന്ന പരാതിയെത്തുർന്ന് ഏലൂർ പൊലീസാണ് യുവതിയെ അഭയകേന്ദ്രത്തിൽ എത്തിച്ചത്. ഇവിടെ താമസിക്കുന്നതിനിടെ
മേയ് ആറിന് യുവതിയെ മറ്റൊരു അന്തേവാസിയായ 19കാരിക്കൊപ്പം കാണാതായി. തുടർന്ന് അഭയകേന്ദ്രത്തിലെ സോഷ്യൽവർക്കറുടെ പരാതിയിൽ കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. കാണാതാകുമ്പോൾ ഇരുവരുടെയും കൈവശം ഫോൺ ഉണ്ടായിരുന്നില്ല.
അഭയകേന്ദ്രം വിട്ടിറങ്ങിയ യുവതി ട്രെയിൻ യാത്രയ്ക്കിടെയാണ് തിരുവനന്തപുരം സ്വദേശിയുമായി അടുപ്പത്തിലാവുന്നതും പൂന്തുറയിൽ താമസം തുടങ്ങിയതും. ഇതിനിടെയാണ് ഏലൂരിലെ ഭർത്താവിന് ഇൻസ്റ്റഗ്രാമിൽ റിക്വസ്റ്റ് അയച്ചത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ തിരുവനന്തപുരം സ്വദേശിയും താനും ഒരുമിച്ച് താമസിക്കുകയാണെന്നും വിവാഹിതരാണെന്നും യുവതി അറിയിച്ചു. കാമുകനും ഒപ്പമുണ്ടായിരുന്നു.
കാണാതായ രണ്ടാമത്തെ യുവതി കോഴിക്കോട്ടെ ഒരു വീട്ടിൽ ഹോംനഴ്സായി ജോലി ചെയ്യുമ്പോൾ ഒരു മാസം മുമ്പ് പിടിയിലായി. വാട്സാപ്പ് ഗ്രൂപ്പുകളിൽ ലുക്ക്ഓട്ട് നോട്ടീസ് കണ്ടതിനെ തുടർന്ന് സംശയംതോന്നിയ ചിലർ കോഴിക്കോട് പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതിയെ കോടതിയിൽ ഹാജരാക്കി മാതാവിനൊപ്പം വിട്ടതായി കടവന്ത്ര എസ്.എച്ച്.ഒ പി.എം. രതീഷ് അറിയിച്ചു.