photo

വൈപ്പിൻ: കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി 15 വർഷം പൂർത്തിയാക്കി. സംരംഭകർ, ഹോം ഷോപ്പ് ഉടമകൾ, മാനേജ്‌മെന്റ് ടീം എന്നിങ്ങനെ മൂന്ന് ഘടകങ്ങളിലായി പ്രവർത്തിക്കുന്ന ഹോം ഷോപ്പ് കമ്മ്യൂണിറ്റി മാർക്കറ്റിംഗ് നെറ്റ്‌വർക്ക് പദ്ധതിയാണിത്. സംരംഭകരിൽ നിന്ന് ഉത്പ്പന്നങ്ങൾ ശേഖരിച്ച് കുടുംബശ്രീ അംഗങ്ങളായ ഹോം ഷോപ്പ് ഓണേഴ്‌സ് ഉപഭോക്താക്കളിലെത്തിക്കുന്നു. വിപണനവും സംഭരണവും മാനേജ്‌മെന്റ് ടീം മുഖേനയാണ് നടക്കുന്നത്.
ഉത്പാദകരെയും ഉപഭോക്താക്കളെയും ബന്ധിപ്പിച്ച് ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങൾ വീടുകളിൽ എത്തിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 18.66 കോടി രൂപയുടെ വിറ്റുവരവാണ് പദ്ധതിയിൽ നിന്ന് ലഭിച്ചത്. സംസ്ഥാനത്ത് കുടുംബശ്രീയിൽ 48 ലക്ഷം അംഗങ്ങളാണുള്ളത്. 51 മാനേജ്‌മെന്റ് ടീമുകൾക്ക് കീഴിൽ 7000ൽ പരം ഹോം ഷോപ്പ് ഓണേഴ്‌സും 1000ൽ പരം സംരംഭകരും പ്രവർത്തിക്കുന്നു.

സംസ്ഥാന സംഗമം നാളെ
പദ്ധതിയുടെ 15-ാം വാർഷികത്തിന്റെ സംസ്ഥാനതല സംഗമം നാളെ രാവിലെ 10 മണിക്ക് കളമശേരിയിൽ നടക്കും. മന്ത്രി എം.ബി. രാജേഷ് സംഗമം ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. കുടുംബശ്രീ ഉത്പ്പന്നങ്ങൾ ഓൺലൈനിലൂടെ ലഭ്യമാക്കുന്ന പോക്കറ്റ്മാർട്ട് എന്ന മൊബൈൽ ആപ്പിലൂടെയുള്ള ആദ്യ വിപണന ഉദ്ഘാടനവും ഓണം ഗിഫ്റ്റ് വിതരണവും സംഗമത്തിൽ നടക്കും.