bus-satan-paravur-
പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നു

പറവൂർ: അടഞ്ഞ കാനയുടെ പുനർനിർമ്മാണം നടത്തുന്ന സ്ഥലത്ത് നിന്ന് പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ചെളിവെള്ളം ഒഴുകിയെത്തി നിറഞ്ഞത് യാത്രക്കാരെയും കച്ചവടക്കാരെയും ദുരിതത്തിലാക്കി. ബസ് സ്റ്റാൻഡ് നിറയെ ചെളിവെള്ളം കെട്ടിയതോടെ യാത്രക്കാർക്ക് നടന്ന് ബസുകളിൽ കയറാൻ പറ്റാത്ത സ്ഥിതിയാണ്. കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കടകളിൽ ആരും കയാറുന്നില്ല. ചെളിവെള്ളം നിറഞ്ഞതോടെ ചില ബസുകൾ സർവീസ് നിറുത്തി. സ്റ്റാൻഡിന്റെ മുന്നിലെ കുടിവെള്ള പൈപ്പ് കഴിഞ്ഞ ദിവസം പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായി കുഴിയിലെ വെള്ളം പമ്പ് ചെയ്ത് റോഡിലേക്ക് വിട്ടതാണ് സ്റ്റാൻഡിൽ ചെളിവെള്ളം നിറയാൻ കാരണം. സ്റ്റാൻഡിന്റെ മുഴുവൻ ഭാഗവും കോൺക്രീറ്റ് ചെയ്തതാണ്. ഇതിനാൽ വെള്ളം ഭൂമിയിലേക്ക് താഴുന്നുമില്ല. സ്റ്റാൻഡിൽ കെട്ടിക്കിടക്കുന്ന ചെളി മാറ്റുക മാത്രമാണ് പരിഹാരം. ഇല്ലെങ്കിൽ മഴ പെയ്താൽ വീണ്ടും കൂടുതൽ ഭാഗത്ത് ചെളിവെള്ളം നിറയും.