pickup-van-mvpa
കായനാട്ശൂലം റോഡിൽ നിന്ന് താഴേയ്ക്ക് മറിഞ്ഞ് പിക് അപ്പ് ജീപ്പ്‌

മൂവാറ്റുപുഴ: പൈനാപ്പിൾ കയറ്റി വന്ന വാഹനം മറിഞ്ഞ് കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കായനാട്ശൂലം റോഡിലായിരുന്നു അപകടം. റോഡിലെ ഇറക്കത്തിൽ പിക് അപ്പ് ജീപ്പ് തെന്നി താഴേക്ക് മറിയുകയായിരുന്നു. ചരിവിലെ റബർ മരത്തിൽ തങ്ങി നിന്നതിനാൽ വാഹനം താഴേക്ക് പോയില്ല. ഡ്രൈവർ ഈസ്റ്റ് മാറാടി സ്വദേശി കുര്യാക്കോസ് (56), സഹായിയായ ഒഡീഷ സ്വദേശി ടൂണോ (24) എന്നിവർ വാഹനത്തിന്റെ കാബിനിൽ കുടുങ്ങി. ടൂണോയുടെ കൈ വാഹനത്തിനും റബർ മരത്തിനും ഇടയിൽ കുടുങ്ങി. സ്ഥലത്തെത്തിയ മൂവാറ്റുപുഴ അഗ്‌നിരക്ഷാ സേനാംഗങ്ങൾ വാഹനം കൂടുതൽ മറിയാതിരിക്കാൻ കയറുപയോഗിച്ച് കെട്ടി ഉറപ്പിച്ചു. തുടർന്ന് ചെയിൻ സോ ഉപയോഗിച്ച് റബർ മരം മുറിച്ചുമാറ്റിയ ശേഷം ഹൈഡ്രോളിക് സ്‌പ്രെഡർ ഉപയോഗിച്ച് വാഹനത്തിന്റെ വാതിൽ വികസിപ്പിച്ചാണ് കുടുങ്ങിയ കൈ പുറത്തെടുത്തത്. പരിക്കേറ്റ ടൂണോയെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.