ആലുവ: സാംസ്‌കാരിക കേരളത്തിന്റെ മുഖമായിരുന്ന പ്രൊഫ. എം.കെ. സാനു അശരണരുടെ ആശ്രയമായ തോട്ടുമുഖം ശ്രീനാരായണ ഗിരിയിലെ അന്തേവാസികൾക്കെല്ലാം എന്നും സാനുമാമനായിരുന്നു. മാസത്തിൽ ഒരിക്കലെങ്കിലും സാനുമാഷ് ശ്രീനാരായണ ഗിരിയിലെത്തി കുട്ടികളോടും മുതിർന്നവരോടും വിശേഷങ്ങൾ പങ്കുവയ്ക്കും. ഗിരിയിലെത്തിയാൽ സാനുമാഷ് കുട്ടികളെപ്പോലെയാണ്.
സാനു മാഷിന്റെ 98-ാം പിറന്നാൾ ആഘോഷം നടന്നത് ശ്രീനാരായണ ഗിരിയിലായിരുന്നു. അവസാനമായി ഗിരിയിലെത്തിയതും അന്നാണ്. പിറന്നാൾ ദിനം ഒക്ടോബർ 27 ആയിരുന്നെങ്കിലും നവംബർ 30നാണ് ഗിരിയിൽ ആഘോഷം സംഘടിപ്പിച്ചത്. ഗിരിയുമായുള്ള ബന്ധം വിവരിച്ച് അന്ന് സാനുമാഷ് നടത്തിയ പ്രസംഗം കണ്ഠമിടറിയാണ് പൂർത്തീകരിച്ചത്. സഹോദരൻ അയ്യപ്പനും പാർവതി അയ്യപ്പനും ചേർന്ന് ശ്രീനാരായണ ഗിരി സ്ഥാപിച്ച കാലം മുതൽ ആരംഭിച്ച ആത്മബന്ധം അദ്ദേഹത്തിന്റെ മരണം വരെ തുടർന്നു.
ആദ്യകാലത്ത് ഗിരിയുടെ ദൈനംദിന ചെലവുകൾക്ക് പണം കണ്ടെത്താൻ പാർവ്വതി അയ്യപ്പനൊപ്പം സാനുമാഷും മുന്നിലുണ്ടായിരുന്നു. അക്കാലത്ത് ശിവരാത്രി നാളിൽ മണപ്പുറത്ത് ഗിരിക്കായി പണം സമാഹരിക്കുന്നതിന് കുഞ്ഞുങ്ങളോടൊപ്പം നിലക്കടല കച്ചവടത്തിനുപോയതും ഉത്സവവേദികളിൽ പണം ശേഖരിക്കാൻ മുന്നിൽ നിന്നതും അദ്ദേഹത്തിന്റെ ഓർമകളാണ്. പണമില്ലാത്ത കാലത്ത് കാർഷികോത്പന്നങ്ങളുമായും മാഷെത്തി.
മാഷിന്റെ എല്ലാ പ്രഭാഷണ വേദികളിലും ശ്രീനാരായണ ഗിരിയെക്കുറിച്ച് അദ്ദേഹം വാചാലനാകുമായിരുന്നു. ഗിരിയിൽ വളർന്ന കുട്ടികൾ തീവണ്ടികളിച്ചു നടക്കുമ്പോൾ 'ആരാ നിങ്ങടെ നേതാവ്?' 'മാമൻ ഞങ്ങളുടെ നേതാവ്' എന്ന് മുദ്രാവാക്യം വിളിച്ചതെല്ലാം ആദ്യകാല അന്തേവാസികൾക്ക് ബാല്യകാല സ്മരണകളായുണ്ടെന്ന് ശ്രീനാരായണ ഗിരി പ്രസിഡന്റ് പ്രൊഫ. ഷേർളി പ്രസാദ്, സെക്രട്ടറി അഡ്വ. സീമന്തിനി ശ്രീവത്സൻ എന്നിവർ പറഞ്ഞു.
അവസാന പൊതുപരിപാടികൾ
കഴിഞ്ഞ ജൂൺ അഞ്ചിലെ പരിസ്ഥിതി ദിനത്തിലാണ് സാനുമാഷ് അവസാനമായി ആലുവയിൽ ഒരു പൊതുപരിപാടിക്കെത്തിയത്. ആലുവ പരിസ്ഥിതി സംരക്ഷണ സംഘം സെന്റ് സേവിയേഴ്‌സ് കോളേജിൽ സംഘടിപ്പിച്ച 'ഭൂമിമിത്ര' പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണന് സമർപ്പിച്ചത് സാനു മാഷായിരുന്നു. ഫെബ്രുവരി 23ന് ആലുവ അദ്വൈതാശ്രമത്തിൽ മഹാകവി കുമാരനാശാൻ ചരമശതാബ്ദി ആചരണ സമിതി 'കേരള നവോത്ഥാനവും കുമാരനാശാനും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനും സാനു മാഷ് എത്തിയിരുന്നു.