പാണ്ഡിത്യത്തിന്റെയും എളിമയുടെയും ഗിരിശൃംഗങ്ങളിൽ വിഹരിച്ചയാളായിരുന്നു പ്രൊഫ. എം.കെ.സാനു. ഗുരുദേവ ദർശനം നെഞ്ചേറ്റിയ പ്രതിഭാശാലിയായ അദ്ദേഹത്തിന്റെ വിയോഗം മലയാള ഭാഷയ്ക്കും ഗുരുദേവ വിശ്വാസികൾക്കും തീരാനഷ്ടമാണ്. ഗുരുദേവനെയും കുമാരനാശാനെയും ആഴത്തിൽ പഠിച്ചും എഴുതിയും പ്രഭാഷണം നടത്തിയും ജനങ്ങൾക്കിടയിൽ ജീവിച്ച് അവരുടെ മനസ് കീഴടക്കിയ പണ്ഡിതശ്രേഷ്ഠനായിരുന്നു അദ്ദേഹം. സാമൂഹ്യ, സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുമ്പോഴും ഗുരുദേവന്റെ കാലടികൾ പിന്തുടർന്നാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ആ ചിന്തകളും രചനകളും എക്കാലവും ഗുരുദേവന്റെ കാലാതീത ദർശനത്തോട് ചേർന്നുനിൽക്കുന്നതായിരുന്നു. ശാന്തനായും സൗമ്യനായും പെരുമാറുമ്പോഴും നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്ന സാനുവിന്റെ ശൈലി മാതൃകാപരമായിരുന്നു. ഇത്രയേറെ ശിഷ്യസമ്പത്തുള്ള അദ്ധ്യാപകരും അപൂർവം. ജീവിതാന്ത്യം വരെ ജനങ്ങൾക്കിടയിൽ നിൽക്കാൻ ഭാഗ്യം സിദ്ധിച്ചയാളാണ് അദ്ദേഹം. പൊതുചടങ്ങുകളിൽ പങ്കെടുക്കാത്ത ദിവസങ്ങൾ തന്നെ വിരളം. ഈ വാർദ്ധക്യത്തിലും വ്യക്തിജീവിതവും വിശ്രമവും മാറ്റിവച്ച് രോഗങ്ങളെയോ മരണത്തെയോ ഭയക്കാതെ നാടിന്റെ നന്മയ്ക്കും വികസനത്തിനും വേണ്ടി പരിശ്രമിച്ചാണ് അദ്ദേഹം ലോകത്തെ വിട്ടുപിരിഞ്ഞത്. കേരളത്തിന്റെ നവോത്ഥാനത്തിനൊപ്പം വളർന്നയാളാണ് സാനു. ആ തലമുറയുടെ അവസാന കണ്ണികളിലൊന്നുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
- വെള്ളാപ്പള്ളി നടേശൻ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി
ഗുരുവായിരുന്നു സാനുമാഷിന്റെ
ശരി: സ്വാമി ശുഭാംഗാനന്ദ
തിരുവനന്തപുരം: മലയാളത്തിന്റെ സുകൃതവും അമൃതവുമായിരുന്നു പ്രൊഫ. എം.കെ.സാനുമാസ്റ്ററെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുസ്മരിച്ചു. ഭാഷയെ അത്രയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും സൗന്ദര്യവത്കരിക്കുകയും വിനിമയം ചെയ്യുകയും ചെയ്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. സാഹിത്യത്തിലെയും സമുദായത്തിലെയും സമൂഹത്തിലെയും ശക്തനായ തിരുത്തൽകാരനായി ശോഭിച്ചു നിന്ന അദ്ദേഹത്തിന്റെ വിമർശനത്തിന് ആയുധത്തേക്കാൾ മൂർച്ചയുണ്ടായിരുന്നു. ഗദ്യകാവ്യങ്ങളെ ഇത്രയധികം ഇണക്കിയെടുക്കാൻ മറ്റൊരു എഴുത്തുകാരനും കഴിഞ്ഞിട്ടില്ല. അദ്ദേഹം എഴുതിയതെല്ലാം ജീവനുള്ള ജീവചരിത്രങ്ങളാണ്. ശ്രീനാരായണഗുരുദേവന്റെ ജീവചരിത്രങ്ങളിൽ ഏറ്റവും മിഴിവേറിയ ഗ്രന്ഥങ്ങളുടെ തലപ്പത്താണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്ന ശ്രീ നാരായണഗുരു സ്വാമികളുടെ ജീവചരിത്രം. ഗുരുദർശനത്തിന്റെ ആഴമറിഞ്ഞ് ആവിഷ്കരിക്കുന്നതിലും സാനുമാഷ് മുന്നിലായിരുന്നു. ഏതു കാര്യത്തിലും ഗുരുവായിരുന്നു അദ്ദേഹത്തിന്റെ ശരി. ശിവഗിരിയുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും കടമയും ധർമ്മവും തിരിച്ചറിയുന്നതിലും തിരിച്ചറിയിക്കുന്നതിലും ശ്രദ്ധാലുവായിരുന്ന അദ്ദേഹം, ദീർഘകാലം ശിവഗിരി വേദികളിലെ സ്ഥിരം ശബ്ദവും സാന്നിദ്ധ്യവുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നവോത്ഥാന കേരളത്തിനും ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും വലിയൊരു നഷ്ടമായി ശേഷിക്കും.