പെരുമ്പാവൂർ: പെരുമ്പാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കുമാരനാശാൻ സ്മാരക സാഹിത്യ വേദിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു അന്തരിച്ച സാനു മാഷ്. പെരുമ്പാവൂരിലെ ചരിത്ര പ്രധാനമായ സാംസ്‌കാരിക സംരംഭമായിരുന്നു 1972 ൽ നടന്ന ആശാൻ ജന്മശതാബ്ദി ആഘോഷങ്ങൾ. 1972ഏപ്രിൽ 21, 22, 23 തീയതികളിൽ 10 സെഷനുകളിലായി നടന്ന ആശാൻ സിമ്പോസിയത്തിൽ ആശാന്റെ നായികമാർ എന്ന പ്രബന്ധം അവതരിപ്പിച്ച് ഉദ്ഘാടനകർമ്മം നിർവഹിച്ചത് സാനു മാഷായിരുന്നു. അന്നത്തെ ആശാൻ ജന്മശതാബ്ദി ആഘോഷത്തിന്റെ സമാപന വേദിയിലെ പ്രഖ്യാപനത്തിലൂടെയാണ് ആശാൻ സ്മാരകസാഹിത്യ വേദിയുടെ പിറവിയും. 1978 ൽ നടന്ന കവിത്രയ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലെ ആമുഖ പ്രഭാഷകനും സാനു മാഷായിരുന്നു. ഡോ. ഭാസ്‌കരൻ മുനിസിപ്പൽ ചെയർമാനും സാഹിത്യവേദി പ്രസിഡന്റുമായിരുന്നപ്പോൾ പ്രസിദ്ധീകരിച്ച ആശാൻ സാഹിത്യവേദി സ്മരണികയുടെ രക്ഷാധികാരിയും അദ്ദേഹം തന്നെയായിരുന്നു. സാഹിത്യവേദി മുഖപത്രമായ കരുണയിലും സാനു മാഷുടെ സാഹിത്യക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആശാൻസാഹിത്യ വേദിയുടെ കാരണവരും ഉപദേഷ്ടാവുമായിരുന്നു അദ്ദേഹം.