excise

കൊച്ചി: ഈ വർഷം ഓണക്കാലത്തെ എക്‌സൈസ് വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിന് ജില്ലയിൽ ഇന്ന് തുടക്കമാകും. 39 ദിവസം തുടർച്ചയായി 24 മണിക്കൂർ നിരീക്ഷണം ഉറപ്പാക്കുന്ന തരത്തിലാണ് ക്രമീകരണം. മുൻകൂട്ടിയുള്ള അനുമതിയില്ലാതെയും അടിയന്തരഘട്ടങ്ങളിലൊഴികെയും ഉദ്യോഗസ്ഥർ അവധിയെടുക്കുന്നത് വിലക്കി. പരാതിയും രഹസ്യവിവരവും കിട്ടിയാൽ താമസം കൂടാതെ പരിശോധന നടത്തണമെന്നാണ് കർശന നിർദേശം.

സെപ്തംബർ 12 വരെ നീളുന്ന സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി കൺട്രോൾ റൂമും സ്‌ട്രൈക്കിംഗ് ഫോഴ്‌സും ഇന്നു മുതൽ പ്രവർത്തനം തുടങ്ങും. ഉത്സവകാലത്ത് കഞ്ചാവ്, രാസലഹരി, സ്പിരിറ്റ്, വ്യാജമദ്യം എന്നിവയുടെ കടത്തും വിതരണവും ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്ന എക്‌സൈസ് ഇന്റലിജൻസിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ഇത്തവണ നിരീക്ഷണം കൂടുതൽ ശക്തമാക്കിയത്.

ഡിസ്റ്റലറികളിൽ നിന്നുള്ള വാഹനങ്ങളും ‘റഡാറിൽ’

ഇത്തവണ ഡിസ്റ്റലറികളിൽ നിന്നുള്ള വാഹനങ്ങളും നിരീക്ഷണ‌പരിധിയിൽ. സർക്കാർ പെർമിറ്റ് ഉപയോഗിച്ച് ബിവറേജസ് കോർപ്പറേഷൻ വഴി വിതരണം ചെയ്യാൻ വിദേശമദ്യവുമായി വരുന്ന വാഹനങ്ങളിൽ സ്പിരിറ്റും അനധികൃത മദ്യവും കടത്താൻ സാദ്ധ്യതയുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എൻ.സുധീർ പുറപ്പെടുവിച്ച ഉത്തരവിൽ മുന്നറിയിപ്പ് നൽകുന്നു. ഡിസ്റ്റലറികളിലും കെ.എസ്.ബി.സി വെയർഹൗസുകളിലും ഓണക്കാലത്ത് അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ചുമതലയുള്ള എക്സൈസ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.

സ്പിരിറ്റ് ശേഖരിക്കാൻ അനുമതിയുള്ള ആശുപത്രികൾ, സാനിറ്റൈസർ നിർമാണശാലകൾ എന്നിവിടങ്ങളിൽ ദുരുപയോഗം നടക്കുന്നില്ലെന്നും ഉറപ്പുവരുത്തും.

വിദേശമദ്യവിതരണശാലകൾ, കള്ള്ഷാപ്പുകൾ, ക്ലബ്ബുകൾ (എഫ്.എൽ4എ) എന്നിവ കൃത്യസമയം പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കും.

 ഹൗസ് ബോട്ടുകൾ നിരീക്ഷണത്തിൽ

ഹൗസ് ബോട്ടുകൾ, റിസോർട്ടുകൾ, നിശാപാർട്ടികൾ തുടങ്ങി ലഹരി ഉപയോഗത്തിന് സാദ്ധ്യതയുള്ള വിനോദ കേന്ദ്രങ്ങൾ പ്രത്യേക നിരീക്ഷണത്തിലാകും. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും കോളേജ് പരിസരത്തെ കെട്ടിടങ്ങളും പരിശോധിക്കും. ലഹരിക്കേസുകളിൽ ഉൾപ്പെട്ട് ജാമ്യത്തിൽ കഴിയുന്നവരുടെ വിദേശയാത്രകളുടെ വിശദാംശങ്ങൾ പരിശോധിക്കും.

കഞ്ചാവും സിന്തറ്റിക്ക് ലഹരിയുമടങ്ങിയ മിഠായികളും ചോക്ലേറ്റുകളും സ്‌കൂൾ പരിസരത്ത് വിൽക്കാനും സ്പിരിറ്റും മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളും കലർത്തിയ വ്യാജകള്ള് ഷാപ്പുകളിൽ വിതരണം ചെയ്യാനും സാദ്ധ്യതയുണ്ട്.

വാഹനപരിശോധനയിൽ മാന്യത വേണം

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ആഡംബര വാഹനങ്ങളുൾപ്പെടെ പരിശോധിക്കും. യാത്രാ വാഹനങ്ങൾ പരിശോധിക്കുമ്പോൾ യാത്രക്കാരോട് മോശമായി പെരുമാറരുതെന്ന നിർദ്ദേശമുണ്ട്. സ്ത്രീയാത്രക്കാരോട് മാന്യമായി പെരുമാറണം. വനിതാസിവിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ വേണം പരിശോധന.