vellakkettu
കീഴ്മാട് ജി.ടി.എൻ - കുട്ടമശേരി റോഡിൽ മുതിരക്കാട് കവലയിലെ വെള്ളക്കെട്ട്

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ ജി.ടി.എൻ - കുട്ടമശേരി റോഡിൽ മുതിരക്കാട് കവലയിൽ അശാസ്ത്രീയമായി കോൺക്രീറ്റ് കട്ടകൾ വിരിച്ചതിനെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായി. ശക്തമായ മഴയിൽ റോഡ് തിരിച്ചറിയാനാകാതെ പുഴയ്ക്ക് സമാനമായ അവസ്ഥയിലാണ്. പലവട്ടം അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടാക്കുന്നില്ലെന്നാണ് ആക്ഷേപം.

കീഴ്മാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം, ഗവ. യു.പി സ്കൂൾ, വില്ലേജ് ഓഫീസ്, സഹകരണ ബാങ്ക്, ഖാദി സഹകരണ സംഘം തുടങ്ങി സ്ഥാപനങ്ങളിലേക്കുള്ള പ്രധാന റോഡിനാണ് ഈ ദുർഗതി. ബസ് സ്റ്റോപ്പിന് സമീപം കോൺക്രീറ്റ് കട്ടകൾ വിരിച്ചതിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണം. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡരികിലുള്ള വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ചെളിവെള്ളം തെറിക്കും. ബസ് സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാരും ചെളിയഭിഷേകം സഹിക്കണം. ഇതിന്റെ പേരിൽ വാഹന ഡ്രൈവർമാരുമായി നാട്ടുകാരുടെ കലഹവും പതിവാണ്.

വെള്ളക്കെട്ടുണ്ടാകുമ്പോൾ കോൺക്രീറ്റ് കട്ട വിരിച്ച ഭാഗവും ടാറിംഗ് നടത്തിയ ഭാഗവും തിരിച്ചറിയാതെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നു. റോഡ് നിരപ്പിൽ നിന്ന് ഉയർത്തി കട്ടകൾ വിരിക്കുന്നതിലെ ശാസ്ത്രീയത വാഹനയാത്രക്കാർക്ക് മനസിലാകുന്നില്ല. ആലുവ - മൂന്നാർ റോഡിൽ അശോകപുരം കൊച്ചിൻ ബാങ്ക് കവലയിലും എടയപ്പുറം റോഡിലേക്ക് തിരിയുന്നിടത്തും സമാനമായ അവസ്ഥയാണ്. രണ്ടിടത്തും മഴക്കാലത്ത് വെള്ളക്കെട്ടും ഭീമാകാരമായ കുഴികളുമാണ്.

പരാതികൾ വ്യാപകമായപ്പോൾ കഴിഞ്ഞ ദിവസം വെള്ളക്കെട്ടുള്ളിടത്ത് മെറ്റലും പൊടിയും വിതറിയെങ്കിലും ശാശ്വതമായ പരിഹാരത്തിന് നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ചൂണ്ടിയിലെ കുഴി പ്രശ്നത്തിൽ ഹൈക്കോടതി വരെ ഇടപെട്ടിട്ടും ശാശ്വത പരിഹാരം ഉണ്ടാക്കിയിട്ടില്ല.

മഴ മാറിയാൽ ആലുവ - മൂന്നാർ റോഡ് ബി.എം ബി.സി ടാറിംഗ് നടത്തുമെന്ന് പറഞ്ഞാണ് പി.ഡബ്ല്യു.ഡി ഒഴിയുന്നത്. കഴിഞ്ഞ ദിവസം നടന്ന പി.ഡബ്ല്യു.ഡിയുടെ പ്രതിമാസ അവലോകന യോഗത്തിൽ മണ്ഡലത്തിലെ റോഡ് തകർച്ചക്കെതിരെ അൻവർ സാദത്ത് എം.എൽ.എ ശക്തമായി പ്രതികരിച്ചിരുന്നു

കീഴ്മാട് മുതിരക്കാട് ബസ് സ്റ്റോപ്പിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് സ്വരുമ റസിഡന്റ്സ് അസോസിയേഷൻ പി.ഡബ്ല്യു.ഡി അസി. എക്സിക്യുട്ടീവ് എൻജിനിയർക്ക് പരാതി നൽകി. നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ അലംഭാവം കാണിക്കുകയാണ്

കെ. രഞ്ജിത് കുമാർ,

സെക്രട്ടറി,

സ്വരുമ റസിഡന്റ്സ്

അസോസിയേഷൻ