കൊച്ചി: പതിഞ്ഞ, ലളിതമായ സംസാരം. അതിൽ ആഴത്തിലുള്ള സാഹിത്യം മുതൽ സാമൂഹിക വിഷയങ്ങൾ വരെ അലയടിക്കും. പ്രൊഫ. എം.കെ. സാനുവിന്റെ പ്രഭാഷണങ്ങൾക്ക് സദസ് കാതുകൂർപ്പിച്ചിരിക്കും. ഇന്നലെ എറണാകുളം ടൗൺ ഹാളും പരിസരവും വീണ്ടും പൂർണ മൗനത്തിലാണ്ടു. എല്ലാം മറന്നുള്ള മലയാളത്തിന്റെ മാഷിന്റെ ഉറക്കം തടസപ്പെടുത്താതിരിക്കാൻ.

രാവിലെ 10.15ന് ഫ്രീസറിന്റെ തണുപ്പിലാണ് എം.കെ. സാനു ഒടുവിൽ എറണാകുളം ടൗൺ ഹാളിൽ എത്തിയത്. പ്രാസംഗികനായും കേൾവിക്കാരനായും അദ്ദേഹം പങ്കെടുത്ത ടൗൺ ഹാളിലെ വിശ്രമത്തിന് ശേഷമായിരുന്നു അവസാനയാത്രയും. തന്റെ നിരവധി സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ പരിപാടികൾക്ക് കരുത്തായ വേദിയിൽ സാഹിത്യനക്ഷത്രം കിഴക്കോട്ട് തലവച്ച് കിടന്നു. ടൗൺഹാൾ പിന്നീട് സാക്ഷിയായത് കലാ,രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ശിഷ്യരും സാധാരണക്കാരുടെയും അണമുറിയാത്ത ഒഴുക്കിന്.

പഠിപ്പിച്ചിട്ടില്ലെങ്കിലും ശിക്ഷ്യരായവരെല്ലാം 'ഗുരുവിനെ' ഒരുനോക്ക് കാണാൻ ടൗൺഹാളിൽ ഒരു പുഴപോലെ ഒന്നിച്ചു. മാഷിന് എല്ലാമായിരുന്ന എസ്.എൻ.വി സദനത്തിന്റെ ഭാരവാഹികൾ മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെ. അവർ ചെമ്പനീർപ്പൂവ് അർപ്പിച്ച് നിത്യശാന്തി നേർന്നു. നിറകണ്ണുകളോടെ സാനുവിനെ കണ്ട് വേദിയിൽ നിന്ന് ഓരോരുത്താരായി വഴിപിരിഞ്ഞു.

ടൗൺഹാളിൽ നടന്ന നൂറുകണക്കിന് പരിപാടികളിൽ എം.കെ സാനുവിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. പലരും അതെല്ലാം ഓർത്തെടുത്തു. യാത്രമൊഴി ചൊല്ലാനെത്തിയ മേയർ എം. അനിൽകുമാർ അവ പങ്കുവയ്ക്കുകയും ചെയ്തു. ''ഒരുപാട് സംഘടനകൾക്ക് താങ്ങും തണലുമായിരുന്നു മാഷ്. ഒരിക്കലും കൊച്ചി നഗരത്തിൽ നിന്നു മാഷ് വിടവാങ്ങിയതായി തോന്നലുണ്ടാകില്ല."" മേയർ പറഞ്ഞു.

വൈകിട്ട് 3.45ഓടെ സാനുവിന്റെ അന്ത്യയാത്ര ആരംഭിച്ചു. രവിപുരം ശ്മശാനത്തിലേക്കുള്ള അവസാനയാത്രയായെന്ന വിവരം മൈക്കിലൂടെ അറിയിച്ചതോടെ ഒരുവട്ടംകൂടി മാഷിനെ കാണാൻ ആളുകൾ വീണ്ടും ഹാളിലെ വേദിയിൽ തടിച്ചുകൂടി. എറണാകുളം സെൻട്രൽ എ.സി.പി സിബി ടോമിന്റെ സാന്നിദ്ധ്യത്തിൽ പൊലീസിന്റെ ഗാർഡ് ഒഫ് ഓണർ മാഷ് ഏറ്രുവാങ്ങി. മുന്നിലൂടെ കടന്നുവന്ന് ടൗൺഹാളിന്റെ തെക്കേ വാതിലിലൂടെ പടിയിറങ്ങി സാനുമാഷ് ടൗൺ ഹാളിനോട് വിടപറഞ്ഞു. എന്നന്നേക്കുമായി തന്റെ വേദികളോടും. എം.ജി റോഡ് വഴി രവിപുരം പൊതുശ്‌മശാനത്തിലേയ്‌ക്ക്.