kgna
കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) ആലുവ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കണമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) ആലുവ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ആലുവ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തിയിട്ട് 10 വർഷത്തിലേറെയായെങ്കിലും സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാത്തത് പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് മെച്ചപ്പെട്ട രോഗീപരിചരണത്തെ പ്രതികൂലമായി ബാധിക്കുന്നതായും സമ്മേളനം അഭിപ്രായപ്പെട്ടു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. രശ്മി അദ്ധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ്‌ രശ്മി ആർ. നായർ, ട്രഷറർ കെ.വി. മേരി, ഗീത സുരേഷ്ബാബു, ജിസ്മി മാത്തച്ചൻ, മോനിഷ, കെ.എസ്. ചിത്ര, എം.പി. ജിജി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി റിനി വേലായുധൻ (പ്രസിഡന്റ്‌), കെ. കൃഷ്ണകുമാർ (സെക്രട്ടറി), ഡിജി ആന്റണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.