കൊച്ചി: മയക്കുമരുന്ന് മാഫിയകൾക്കെതിരെ കർശനടപടിയുമായി ഒമ്പതുമാസ കാലയളവിനുള്ളിൽ 100 കിലോഗ്രാം കഞ്ചാവും 120 ഗ്രാം എം.ഡി.എം.എയുമടക്കം പിടികൂടി പൊലീസ് സേനയിലെ വ്യത്യസ്ത മുഖമായി മാറിയ പെരുമ്പാവൂർ എ.എസ്.പി ശക്തിസിംഗ് ആര്യ പടിയിറങ്ങുന്നു. മലപ്പുറം ആർ.ആർ. ആർ.എഫ് കമാൻഡന്റായി പ്രമോഷനായതിനെ തുടർന്നാണ് പടിയിറക്കം. ഹരിയാന പാനിപ്പത്ത് സ്വദേശിയാണ് ശക്തിസിംഗ്. ഇന്ത്യൻ റവന്യൂ സർവീസിലിരിക്കെയാണ് നാലാമത് തവണ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച് ഐ.പി.എസ് എടുത്ത് എ.എസ്.പിയായി പെരുമ്പാവൂരിൽ എത്തിയത്. സൗമ്യ മുഖഭാവമെങ്കിലും കുറ്റകൃത്യ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് അദ്ദേഹത്തിന്. ഒട്ടേറെ പൊതുജനോപകാരപ്രദമായ കാര്യങ്ങളിൽ സുശക്തമായ തീരുമാനങ്ങളിലൂടെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.
പെരുമ്പാവൂരിൽ രണ്ട് വലിയ ഹാൻസ് ഗോഡൗണുകൾ കണ്ടെത്തി സീൽചെയ്തു. കഞ്ചാവ് മയക്കുമരുന്നിനെതിരെ ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ, ഓപ്പറേഷൻ പുനർജനി പദ്ധതികൾ നടപ്പാക്കി. കാലടിയിൽ സ്‌കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപ്പിച്ച് 22 ലക്ഷം രൂപ കവർന്ന കേസിൽ പത്തോളം പ്രതികളെ പിടികൂടുന്നതിന് നേതൃത്വം നൽകി. ഏറ്റവും ഒടുവിൽ കഴിഞ്ഞ 29ന് കോടനാട് തോട്ടുവയിൽ 84 വയസുള്ള വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അയൽവാസിയായ യുവാവിനെ രണ്ട് ദിവസത്തിനുള്ളിൽ ബംഗളൂരുവിൽ നിന്ന് പിടികൂടിയതടക്കം ശക്തിസിംഗിന്റെ തൊപ്പിയിലെ പൊൻതൂവലുകളാണ്.