paravur-nagarasabha
പറവൂർ നഗരസഭയുടെ ഇ വേസ്റ്റ് കളക്ഷൻ ഡ്രൈവ് ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ നഗരസഭ ഹരിതകർമ്മസേന വഴി നഗരപ്രദേശത്തെ ഇ വേസ്റ്റുകൾ ശേഖരിക്കുന്നു. ഓരോ ഉത്പന്നങ്ങൾക്കും ഒരു കിലോഗ്രാമിന് സർക്കാർ നിശ്ചയിച്ച വ്യത്യസ്ത തുകയാണ് നൽകുന്നത്. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മൈക്രോ ഓവൻ എന്നിവയ്ക്ക് 16 രൂപ, മിക്സി 32രൂപ, പഴയ പിക്ചർട്യൂബ് ടിവി, റേഡിയോ എന്നിവക്ക് 6 രൂപ, സീലിംഗ് ഫാൻ 41 രൂപ, ടെമ്പിൾ ഫാൻ 30രൂപ, ലാപ്ടോപ്പ് 104 രൂപ, ടെലിഫോൺ 7 രൂപ, മൊബൈൽ ഫോൺ115രൂപ, കോപ്പർ വയർ 69രൂപ എന്നിങ്ങനെ 44 ഇനങ്ങളിൽപ്പെട്ട ഇ വേസ്റ്റാണ് ശേഖരിക്കുന്നത്.

ഹരിതകർമ്മ സേന വഴി ശേഖരിക്കുന്ന ഇ വേസ്റ്റുകൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഇന്നലെ കിഴക്കേപ്രം ഗവ. സ്കൂൾ, പുല്ലംകുളം ശ്രീനാരായണ സ്കൂൾ, പള്ളിത്താഴം മാർക്കറ്റ്, പറവൂർ മാർക്കറ്റ്, വൃന്ദാവൻ ബസ് സ്റ്രോപ്പ്, പഴയ മുനിസിപ്പൽ പാർക്ക് എന്നിവിടങ്ങളിലാണ് കളക്ഷൻ ഡ്രൈവ് നടന്നത്.

പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു, കൗൺസിലർമാരായ സജി നമ്പിയത്ത്, ശ്യാമള ഗോവിന്ദൻ, വി.എ. പ്രഭാവതി, പി.ഡി. സുകുമാരി, നിമിഷ രാജൻ, സി.ഡി.എസ്. പ്രസിഡന്റ് പുഷ്പലത വിജയൻ, ഹരിത കർമ്മസേന പ്രതിനിധികളായ റിജി, നിഷ എന്നിവർ പങ്കെടുത്തു. അടുത്ത ഞായറാഴ്ച തോന്ന്യകാവ് പഴയ പോസ്റ്രാഫീസ്, കെടാമംഗലം വാട്ടർ ടാങ്ക്, പെരുമ്പടന്ന ശിവക്ഷേത്രം പരിസരം, ടൗൺ മോഡൽ എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ കളക്ഷൻ ഡ്രൈവ് നടക്കും.