കൊച്ചി: വീടുകളിൽ നിന്ന് ഡയപ്പറും സാനിറ്ററി നാപ്കിനും ഉൾപ്പെടെയുള്ള ഗാർഹിക ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കുന്നതിന് നഗരവാസികൾക്ക് വൻതുക നൽകേണ്ടി വരുന്ന ദുരിതത്തിൽ. സമീപകാലത്ത് എളമക്കര സ്വദേശിയുടെ വീട്ടിൽ നിന്ന് ശേഖരിച്ച 14.8 ഗ്രാം ബയോമെഡിക്കൽ മാലിന്യത്തിന് 666 രൂപയും മാലിന്യം ശേഖരിക്കാൻ ഉപയോഗിച്ച മൂന്ന് കവറിന് 21 രൂപയും ബില്ലായി ലഭിച്ചു. അന്ന് 488.40 രൂപ കോർപ്പറേഷൻ സബ്‌സിഡിയായി നൽകിയിരുന്നു. എന്നാൽ, അടുത്ത തവണ 6.5 കിലോ മാലിന്യത്തിന് 325 രൂപയായപ്പോൾ ഒരു രൂപ പോലും സബ്‌സിഡി ലഭിച്ചില്ലെന്ന് നഗരവാസികൾ പറയുന്നു.
അമ്പലമുകളിലെ കീൽ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതോടെ സ്വകാര്യ കമ്പനി മാലിന്യം പുറത്തുള്ള പ്ലാന്റിലാണ് സംസ്‌കരിക്കുന്നത്. ഇക്കാരണം പറഞ്ഞാണ് കോർപ്പറേഷൻ സബ്‌സിഡി നിറുത്തലാക്കിയത്. ഇതോടെ ഡയപ്പർ ഉൾപ്പെടെയുള്ള ബയോമാലിന്യത്തിന് സാധാരണക്കാരൻ കിലോയ്ക്ക് 50 രൂപ നൽകേണ്ട ഗതികേടിലായി. ഇതിനെതിരെ പലവട്ടം ബന്ധപ്പെട്ടവരോട് പരാതിപ്പെട്ടെങ്കിലും നടപടിയായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
അമ്പലമുകളിലെ പ്ലാന്റ് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവർത്തനസജ്ജമാകുമെന്നും അതോടെ സബ്‌സിഡി പ്രശ്‌നത്തിന് പരിഹാരമാകുമെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കുന്നു. ബ്രഹ്മപുരത്ത് മൂന്നര കോടി രൂപ ചെലവിൽ നിർമിക്കുന്ന പ്ലാന്റിൽ പ്രതിദിനം മൂന്ന് ടൺ മാലിന്യം സംസ്‌കരിക്കാൻ സാധിക്കും. അത് സജ്ജമാകുന്നതോടെ പ്രശ്‌നങ്ങളെല്ലാം പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
വേർതിരിച്ച് മാലിന്യ ശേഖരണം
1. മഞ്ഞ, ചുവപ്പ്, വെള്ള, നീല എന്നീ കാറ്റഗറികളിലായാണ് മാലിന്യശേഖരണം.
2. ഓരോ ദിവസവും ഓരോ മേഖലകൾ തിരിച്ചാണ് ബയോ മാലിന്യങ്ങൾ ശേഖരിക്കുന്നത്.
3. മുൻകൂട്ടി ആപ്പിലൂടെ ബുക്ക് ചെയ്യാം
മഞ്ഞ
കുട്ടികളുടെയും മുതിർന്നവരുടെയും ഡയപ്പർ
സാനിറ്ററി പാഡ്
മെഡിക്കൽ മാലിന്യം
ഡിസ്‌ക്രീറ്റ്
ഹെയർ
ചുവപ്പ്
കത്തീറ്റർ
ഗ്ലൗവ്‌സ്
ട്യൂബിംഗ്
യൂറിൻ ബാഗ്
വെള്ള
ബ്ലേഡ്
സൂചി
നീല
ആംപ്യൂൾ
മരുന്ന് കുപ്പി