1

മട്ടാഞ്ചേരി: 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം പ്രതീക്ഷയോടെ കടലിലിറങ്ങിയ മത്സ്യബന്ധന ബോട്ടുകൾക്ക് വിനയായി കടലിൽ അപകടത്തിൽപ്പെട്ട കപ്പലിലെ കണ്ടെയ്‌നറുകൾ. കടലിൽ പല ഭാഗങ്ങളിലും കണ്ടെയ്‌നറുകളോ അവശിഷ്ടങ്ങളോ ഉണ്ടെന്നും ഇത് മൂലം വല വലിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും കൊച്ചി ഫിഷറീസ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ട്രോൾ നെറ്റ് ബോട്ടുകളിലെ തൊഴിലാളികൾ വ്യക്തമാക്കുന്നു.

ദിവസങ്ങളോളം കടലിൽ തങ്ങി മത്സ്യബന്ധനം നടത്തി മടങ്ങുന്നവയാണ് ട്രോൾ നെറ്റ് ബോട്ടുകൾ. കണ്ടെയ്‌നറുകളിൽ കുടുങ്ങി വല, ബോർഡ്, കപ്പി, വയർ, റോപ്പ് എന്നിവയുൾപ്പെടെ നഷ്ടപ്പെട്ടാണ് കൊച്ചി ഫിഷറീസ് ഹാർബറിൽ നിന്ന് പോയ ബോട്ടുകൾ മടങ്ങിയെത്തിയിരിക്കുന്നത്. ഏകദേശം 15 ഓളം ബോട്ടുകൾക്കാണ് നാശനഷ്ടമുണ്ടായിട്ടുള്ളത്. ഉത്തര മാതാ, നിസ്‌നി എന്നീ ബോട്ടുകൾക്കുണ്ടായ നഷ്ടം വലുതാണെന്ന് ബോട്ടുകളിലെ സ്രാങ്കുമാരായ റൂബൻ, അജയ് എന്നിവർ പറഞ്ഞു. മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി.

 വലവലിക്കാനാകുന്നില്ല

ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിലിറങ്ങുമ്പോൾ ട്രോൾ നെറ്റ് ബോട്ടുകൾക്ക് സാധാരണ വലിയ തോതിൽ മത്സ്യം ലഭിക്കാറുണ്ട്. എന്നാൽ, കടലിൽ കണ്ടെയ്‌നറുകളുടെ അവശിഷ്ടങ്ങളും മറ്റും ഉള്ളതിനാൽ വല വലിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഈ സ്ഥിതി തുടർന്നാൽ വലിയ പ്രതിസന്ധിയായിരിക്കും ഈ മേഖലയിൽ ഉടലെടുക്കുക. രണ്ടോ മൂന്നോ മാസം മാത്രമാണ് സാധാരണ കാര്യമായി മത്സ്യലഭ്യത ഉണ്ടാകാറുള്ളത്. വലിയ പ്രതീക്ഷയോടെ പോയ തൊഴിലാളികളും ബോട്ടുടമകളും നിരാശയിലാണ്.

 സാമ്പത്തിക നഷ്ടമുണ്ടാകും

ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കും ഇന്ധനം, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾക്കും ലക്ഷങ്ങൾ ചെലവഴിച്ചതിന് ശേഷമാണ് കടലിൽ പോയി തുടങ്ങിയത്. പലിശയ്ക്കും മറ്റും വായ്പയെടുത്താണ് ബോട്ടുടമകൾ കടലിലിറക്കിയത്. സീസൺ സമയത്ത് രീതിയിൽ പ്രതിസന്ധി ഉടലെടുത്തത് ബോട്ടുടമകൾക്കും തൊഴിലാളികൾക്കും വലിയ തിരിച്ചടിയാണ്.

പ്രശ്‌നത്തിൽ സർക്കാർ ഇടപെടലുകൾ വേണം. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് അസോസിയേഷൻ കോടതിയെ സമീപിക്കും.

കണ്ടെയ്‌നറുകൾ തിരിച്ചടിയാകുമെന്ന് കരുതിയില്ല

ബി.യു. ഫൈസൽ

പ്രസിഡന്റ്

ട്രോൾ നെറ്റ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ

തൊഴിലാളികൾക്കുണ്ടായ പ്രതിസന്ധി വലുതാണ്. സീസൺ സമയത്തുണ്ടായ പ്രശ്‌നം അനുബന്ധ മേഖലയെയും ബാധിക്കും

സനിൽ ഈസ

ഭാരവാഹി

അന്യ സംസ്ഥാന തൊഴിലാളി യൂണിയൻ