photo

കൊച്ചി: സാഹിത്യ, സാംസ്കാരിക, സാമൂഹ്യ മേഖലകളിൽ ഉന്നതശീർഷനായി വിരാജിച്ച പ്രൊഫ. എം.കെ. സാനു ആയിരങ്ങളുടെ അന്തിമോപചാരം ഏറ്റുവാങ്ങി യാത്രയായി. ഇന്നലെ വൈകിട്ട് നാലരയോടെ എറണാകുളം രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോട മതപരമായ ചടങ്ങുകളൊന്നുമില്ലാതെ മലയാളത്തിന്റെ പ്രിയപ്പെട്ട സാനുമാഷ് അഗ്നിയിൽ വിലയം പ്രാപിച്ചു.

വീണ് പരിക്കേറ്റ് അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് 5.35നായിരുന്നു അന്ത്യം. ഇന്നലെ രാവിലെ 8.30ന് എറണാകുളം കാരിക്കാമുറി ആശാരി ലെയ്‌നിലെ വസതിയായ 'സന്ധ്യ"യിലെത്തിച്ച ഭൗതികശരീരത്തിൽ ബന്ധുക്കളുംസുഹൃത്തുക്കളുമടക്കം അന്തിമോപചാരം അർപ്പിച്ചു. 10.20 മുതൽ എറണാകുളം ടൗൺഹാളിലായിരുന്നു പൊതുദർശനം. മുഖ്യമന്ത്രിയും മന്ത്രിമാരും സാധാരണക്കാരും ഉൾപ്പെടെ നാനാതുറകളിലുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.

വൈകിട്ട് നാലിന് വിലാപയാത്രയായി രവിപുരം ശ്മശാനത്തിലെത്തിച്ചു. പൊലീസിന്റെ ഗാർഡ് ഒഫ് ഓണറിന് ശേഷം മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ്, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എസ്. സതീഷ് തുടങ്ങിയവർ ചേർന്ന് ഭൗതികദേഹം ചിതയിലേക്ക് എടുത്തു. മക്കളായ എം.എസ്. രഞ്ജിത്തും എം.എസ്. ഹാരിസും ചേർന്ന് ചിതയ്‌ക്ക് തീകൊളുത്തി.