പറവൂർ: പെരുവാരം മഹാദേവക്ഷേത്രം ഉപദേശകസമിതി രാമായണ മാസാചരണത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി പുരാണ, ഇതിഹാസങ്ങളെ ആസ്പദമാക്കി കലാ, സാഹിത്യ മത്സരം സംഘടിപ്പിച്ചു. രാമായണ പാരായണം, ഉപന്യാസ രചന, ക്വിസ്, ചിത്രരചന, പ്രസംഗം എന്നീ മത്സരങ്ങളിൽ 800ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. തിരുവിതാകൂർ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ, അഡ്വ. ടി.ആർ. രാമനാഥൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ജി. രജീഷ് അദ്ധ്യക്ഷനായി. സെക്രട്ടറി എം.ബി. ബിജു, വൈസ് പ്രസിഡന്റ് ജലജ രവീന്ദ്രൻ, ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ ഹരിക്കുട്ടൻ, എം.കെ. ആഷിക്, പ്രൊഫ. സതീശബാബു, മധു എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് ചിങ്ങം ഒന്നിന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.