പള്ളുരുത്തി: കാറിൽ സഞ്ചരിച്ച് രാസലഹരി വിതരണം ചെയ്യുന്ന ഡ്രൈവറെ 23.3 ഗ്രാം എം.ഡി.എം.എ സഹിതം പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പടപ്പിൽ താമസിക്കുന്ന പള്ളുരുത്തി കോണം റോഡ് കുട്ടത്തറപ്പറമ്പ് വീട്ടിൽ റിയാസാണ് (32) പള്ളുരുത്തി പൊലീസിന്റെ പിടിയിലായത്.
ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. ആഡംബര വാഹനങ്ങളിൽ സഞ്ചരിച്ചാണ് മയക്കുമരുന്ന് വിതരണം. വില്പനയ്ക്കായി പോകുമ്പോൾ പള്ളുരുത്തി കടേ ഭാഗത്തെ റോഡിൽ നിന്ന് ഇൻസ്പെക്ടർ എ.കെ.സുധീറിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. കാറും പിടിച്ചെടുത്തു. സംശയം തോന്നാതിരിക്കാൻ വാടകയ്ക്കെടുക്കുന്ന ആഡംബരകാറുകളും വിതരണത്തിന് ഉപയോഗിക്കാറുണ്ട്. കൊച്ചി മേഖലയിലെ യുവാക്കൾക്കിടയിലാണ് വിതരണം. വലിയ തോതിൽ രാസലഹരി ശേഖരിച്ച് ചില്ലറ വില്പന നടത്തുന്നതാണ് രീതി.
ഇയാൾക്ക് രാസലഹരി എത്തിക്കുന്ന ആൾക്ക് വേണ്ടി തെരച്ചിലാരംഭിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.