ആലുവ: ഛത്തിസ്ഗഡിൽ സിസ്റ്റർ പ്രീതി മേരിക്കും സിസ്റ്റർ വന്ദന ഫ്രാൻസിസിനും എതിരായെടുത്ത കള്ളക്കേസ് അടിയന്തരമായി റദ്ദാക്കണമെന്ന് മാർ തോമസ് ചക്യത്ത് ആവശ്യപ്പെട്ടു. ആലുവ മേഖലയിലെ വിവിധ ദേവാലയങ്ങളുടെയും സന്യസ്ത സമൂഹങ്ങളുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവിയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രധാനമന്ത്രി മുൻകരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആലുവ സെന്റ് ഡോമിനിക് പള്ളി വികാരി ഫാദർ ജോസഫ് കരുമത്തി അദ്ധ്യക്ഷനായി. അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ മുഖ്യപ്രഭാഷണം നടത്തി. ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ഫൈസൽ അസ്ഹരി, ഫാ. പോൾ നെടുഞ്ചാലിൽ, സിസ്റ്റർ നവ്യ മരിയ, സിസ്റ്റർ റോസ് അനിത എന്നിവർ സംസാരിച്ചു. ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി മുൻ അതിരൂപത പ്രൊക്കുറേറ്റർ ഫാദർ പോൾ മാടശേരി ഫ്ലാഗ് ഓഫ് ചെയ്തു.