കോതമംഗലം: ഊന്നുകല്ലിൽ കനത്ത മഴയേ തുടർന്ന് വെള്ളം കയറിയ റോഡിൽ നിന്ന് കാർ തോട്ടിലേക്ക് ചരിഞ്ഞിറങ്ങി. കാറിലുണ്ടായിരുന്ന മൂന്നംഗ കുടുംബം പുറത്തിറങ്ങി രക്ഷപ്പെട്ടു. പാലക്കാട് വടക്കുംതറ സ്വദേശി ചോണയിൽ ആഷിഖും ഭാര്യയും കുഞ്ഞുമാണ് കാറിലുണ്ടായിരുന്നത്. ബന്ധു വീട്ടിൽ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഊന്നുകല്ലിൽ നിന്ന് തേങ്കോടിനുള്ള റോഡിലാണ് അപകടം നടന്നത്. തോട് നിറഞ്ഞ് റോഡിൽ വെള്ളം കയറിയിരുന്നു. റോഡ് വ്യക്തമായിരുന്നില്ല. റോഡിൽ നിന്ന് പുറത്തേക്ക് നീങ്ങിയ കാറിന്റെ പിൻവശമാണ് തോട്ടിലേക്ക് ചരിഞ്ഞിറങ്ങിയത്. ഉടൻ ഡോർ തുറന്ന് കുഞ്ഞിനേയും കൊണ്ട് ദമ്പതികൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞു. കാർ വെള്ളത്തിൽ മുങ്ങി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് കാർ കരയ്ക്ക് കയറ്രി.