പ്രൊഫ. എം.കെ. സാനുവായിരുന്നു ചെയർമാൻ
മൂവാറ്റുപുഴ: മൂവാറ്രുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന അജു ഫൗണ്ടേഷൻ പ്രവർത്തകർക്ക് സ്‌നേഹവാത്സല്യങ്ങൾ നൽകി നയിച്ചിരുന്ന ഫൗണ്ടേഷൻ ചെയർമാനായിരുന്ന സാനുമാഷിന്റെ വിയോഗം അക്ഷരാർത്ഥത്തിൽ തീരാനഷ്ടമാണെന്ന് ഫൗണ്ടേഷൻ ഡയറക്ടർ ഗോപി കോട്ടമുറിക്കൽ പറഞ്ഞു. 2024ലെ ഡി. ശ്രീമാൻ നമ്പൂതിരി അവാർഡിനായി അജുഫൗണ്ടേഷൻ തിരഞ്ഞെടുത്ത ഇരുകൈകളുമില്ലാതെ ഫോർവീൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയ സി.സിനിമോൾ മരിയ തോമസിന് അവാർഡ് നൽകി നടത്തിയ പ്രൗഡോജ്വല പ്രസംഗം നിറഞ്ഞ കൈയടികളോടെയാണ് സദസ് സ്വീകരിച്ചത്. അജുഫൗണ്ടേഷൻ മാഷിന്റെ പ്രധാനപ്പെട്ട പ്രവർത്തന കേന്ദ്രമായിരുന്നു.
ഫൗണ്ടേഷന്റെ ഡയറക്ടർമാരായ ഗോപി കോട്ടമുറിക്കൽ, ഡോ. ജെ. പ്രസാദ്, ഡോ. സെബാസ്റ്റ്യൻ പോൾ, കമാൻഡർ സി.കെ. ഷാജി, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ.തമ്പാൻ, പരേതനായ എസ്. രമേശൻ എന്നിവരുമായുള്ള മാഷിന്റെ ആത്മബന്ധം ഫൗണ്ടേഷന്റെ മുതൽക്കൂട്ടായിരുന്നു. മാഷിന്റെ 96-ാമത് പിറന്നാൾ ആഘോഷം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ചിരുന്നു. സാനുമാഷും കുടുംബാംങ്ങളും പങ്കെടുത്ത പിറന്നാൾ ആഘോഷത്തിൽ കേക്ക് മുറിച്ച് നടത്തിയ പ്രസംഗം വളരെ അർത്ഥവത്തായിരുന്നു. ഏറെ സന്തോഷവാനായിട്ടാണ് മാഷ് മടങ്ങിയത്.
പത്ത് വർഷംമുമ്പ് അജുഫൗണ്ടേഷൻ രൂപീകരണം മുതൽ ഫൗണ്ടേഷന്റെ ചെയർമാനായി തുടരുന്ന മാഷിന്റെ ഊർജ്ജസ്വലമായ പ്രവർത്തനമാണ് ഫൗണ്ടേഷന്റെ വളർച്ചക്ക് നിദാനം. സാഹിത്യ വിദ്യാഭ്യാസ രംഗത്ത് പുത്തൻ ആശയങ്ങൾ രൂപീകരിച്ച് പ്രവർത്തിക്കുന്നതിന് യുവാക്കളെക്കാൾ മുൻപന്തിയിലായിരുന്നു മാഷ്. സംസ്‌കൃത പണ്ഡിതനായിരുന്ന ശ്രീമാൻ നമ്പൂതിരിയുടെ പേരിൽ ഓരോവർഷവും ഓരോമേഖലയിലെ ഏറ്റവും മികച്ചവരെ കണ്ടെത്തി അവാർഡ് നൽകണമെന്ന ആശയം മുന്നോട്ടുവയ്ക്കുകയും പ്രാവർത്തിക മാക്കുകയും ചെയ്തത് സാനുമാഷായിരുന്നു. ഫൗണ്ടേഷൻ പ്രവർത്തിന് പണം തടസമായിരുന്നില്ല. വിദ്യാഭ്യാസ അവാർഡ്, അവയവദാനം തുടങ്ങിയ സേവന പ്രവർത്തനങ്ങളും മാഷിന്റെ ആശയമായിരുന്നെന്ന് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. ഇത്തരം ആശയങ്ങൾ രൂപപ്പെടുത്തുവാൻ ഇനി സാനു മാഷില്ലല്ലോ എന്ന വേദനയിലാണ് അജു ഫൗണ്ടേഷൻ പ്രവർത്തകരും ഫൗണ്ടേഷനെ സ്‌നേഹിക്കുന്നവരും.