കൊച്ചി: കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരസ്പരമുള്ള വാശിയുടെ പ്രശ്നമാണെന്ന് ഹൈക്കോടതി. ഇരു വിഭാഗത്തിന്റെയും നീക്കങ്ങൾ ആത്മാർത്ഥതയോടെയല്ല. ഒരു സർവകലാശാലയ്‌ക്കും ഇത് ഭൂഷണമല്ല. വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ടവരാണ് ഈ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതെന്ന് ജസ്റ്റിസ് ടി.ആർ. രവി വിമർശിച്ചു.
ക്യാമ്പസിൽ പ്രവേശിക്കരുതെന്ന വി.സിയുടെ ഉത്തരവടക്കം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു വാക്കാലുള്ള പരാമർശം. വി.സിയും രജിസ്ട്രാറുമായുള്ള തർക്കം എരിവേറിയ ഒരു വിഷയം എന്നതിനപ്പുറം മറ്റൊന്നുമല്ലെന്നും കോടതി പറഞ്ഞു.
വിഷയത്തിൽ രേഖാമൂലം വിശദീകരിക്കാൻ വി.സി സമയം തേടിയതിനെ തുടർന്ന് ഹർജി നാളെ പരിഗണിക്കാൻ മാറ്റി. കൂടുതൽ സമയം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. രജിസ്ട്രാറുടെ നിയമനാധികാരി സിൻഡിക്കേറ്റാണെന്നും സസ്‌പെൻഡ് ചെയ്യാനുള്ള അധികാരം സിൻഡിക്കേറ്റിനാണെന്നും രജിസ്ട്രാർക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വാദിച്ചു.
സിൻഡിക്കേറ്റിന്റെ നിർദ്ദേശങ്ങൾ വി.സി പാലിക്കണം. അല്ലെങ്കിൽ സർവകലാശാല പ്രതിസന്ധിയിലാകും. തന്റെ ഓഫീസിന്റെ താക്കോൽ വരെ വി.സി എടുത്തു കൊണ്ടുപോയെന്നും രജിസ്ട്രാർ വാദിച്ചു.
'സിൻഡിക്കേറ്റിനു
മുകളിലോ വി.സി ?'
വി.സി സിൻഡിക്കേറ്റിനു മുകളിലാണോ എന്ന് ഹൈക്കോടതി ആരാഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ വി.സിക്ക് അധികാരമുണ്ടെങ്കിലും തുടർന്ന് സിൻഡിക്കേറ്റിന്റെ അംഗീകാരം വാങ്ങേണ്ടതല്ലേയെന്നും ചോദിച്ചു.
അധികാരമുണ്ടെന്ന് വി.സി
രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് വി.സിയുടെ അഭിഭാഷക വാദിച്ചു. വി.സിയാണ് സർവകലാശാലയുടെ തലവനെന്നും പറഞ്ഞു.